മട്ടാഞ്ചേരിയിലും എറണാകുളത്തും സി.എഫ്.എല്‍.ടി.സി

കൊച്ചി: കോവിഡി‍ൻെറ ആദ്യ രണ്ട് തരംഗങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ വീണ്ടും സി.എഫ്.എല്‍.ടി.സി പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന്​ കോർപറേഷൻ. എറണാകുളം നഗരത്തിലും സി.എഫ്.എല്‍.ടി.സി ആരംഭിക്കും. കുട്ടികള്‍ക്ക് മാത്രമുള്ള കോവിഡ് ഹോസ്പിറ്റലായി മട്ടാഞ്ചേരി സ്​ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കും. പള്ളുരുത്തി ഗവ. ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുമെന്നും മേയർ എം. അനിൽകുമാർ അറിയിച്ചു. നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ വിളിച്ച വിവിധ സംഘടനകളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ്​ തീരുമാനം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഡിവിഷന്‍ കൗണ്‍സിലറെയോ, ആശ പ്രവര്‍ത്തകരെയോ ഫോണില്‍ അറിയിക്കണം. രോഗത്തി‍ൻെറ കാഠിന്യം അനുസരിച്ച് രോഗികളെ ആശുപത്രികളിലേക്ക് മാറ്റും. നിലവില്‍ ജില്ല ആശുപത്രിയിൽ കോവിഡ് ഒ.പി പ്രവർത്തിക്കുന്നുണ്ട്​. വരുമാനത്തില്‍ വലിയ ഇടിവ് നേരിട്ടിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിച്ചും കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്ന ജീവനക്കാരെ മാറ്റിനിര്‍ത്തിയും സ്ഥാപനങ്ങള്‍ നടത്താമെന്ന്​ അറിയിച്ചു. കോവിഡ് ബോധവത്കരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹകരിക്കാമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ഉറപ്പു നല്‍കി. വ്യാപാരികളും ചെറുകിട വ്യവസായികളും കഷ്ടത അനുഭവിക്കുന്ന അവസരത്തില്‍ നിലവില്‍ കച്ചവടത്തെയും മറ്റും ബാധിക്കാത്ത വിധത്തിലാണ്​ കോവിഡ് പ്രതിരോധം ഏര്‍പ്പെടുത്തുക. ജനത്തിരക്കിന് കാരണമായ വലിയ ഓഫര്‍ വില്‍പനകള്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെടുവാനും യോഗം തീരുമാനിച്ചു. മത സാമുദായിക സംഘടനകള്‍ അത്യാവശ്യ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കും. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളും മാറ്റി​വെക്കുമെന്നും ഉറപ്പുനല്‍കി. നിലവില്‍ ജനുവരി 27 വരെ കുട്ടികളുടെ വാക്സിനേഷനാണ് നഗരസഭ പ്രാമുഖ്യം നല്‍കുന്നത്. തുടര്‍ന്ന് ബൂസ്റ്റര്‍ ഡോസ് ഊര്‍ജിതമാക്കും. എറണാകുളം കരയോഗം, എസ്.എന്‍.ഡി.പി, ജമാഅത്ത്​ കൗണ്‍സില്‍, വ്യാപാര വ്യവസായ സംഘടനകൾ, ഹോട്ടല്‍ ആൻഡ്​​ റെസ്റ്റാറന്‍റ് അസോസിയേഷൻ, റെസിഡന്‍റ്​സ്​ അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹികൾ പ​ങ്കെടുത്തു. കരയോഗം പ്രസിഡന്‍റ് രാമചന്ദ്രന്‍, എസ്.എന്‍.ഡി.പി കണയന്നൂര്‍ യൂനിയന്‍ പ്രസിഡന്‍റ് ശിവാനന്ദന്‍, ഫാദര്‍ ജോസ് ജോസഫ്, അബ്ദുൽ ജലാല്‍, ഡോ. മരിയ വര്‍ഗീസ്, ദീപക് അശ്വനി, അബ്ദുൽ അസീസ്, മുഹമ്മദ് സഗീര്‍, കുരുവിള മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.