തൃക്കളത്തൂരിൽ വീണ്ടും വാഹനാപകടം; ആറുപേർക്ക് പരിക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ വീണ്ടും അപകടം. വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന കാറും ബെലോറോയും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ലോക്ഡൗൺ ദിവസമായ ഇന്നലെ പെരുമ്പാവൂരിൽനിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത്​ വരുകയായിരുന്ന യുവാക്കളുടെ സംഘം സഞ്ചരിച്ചിരുന്ന കാറും നെടുമ്പാശ്ശേരിയിലേക്ക് പോകുകയായിരുന്ന ബെലോറോയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ തലകീഴായി മറിഞ്ഞു. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു​ദിവസം മുമ്പ് ഇവിടെ കാൽനടയാത്രികൻ കാറിടിച്ച്​ മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ്​ ഇവിടെ ബൈക്ക് യാത്രികനും അപകടത്തിൽ മരിച്ചു. മരണം പതിയിരിക്കുന്ന എം.സി റോഡിലെ തൃക്കളത്തൂരിൽ റോഡ് സുരക്ഷക്ക്​ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് തുടർച്ചയായി അപകടങ്ങൾ. ആറുമാസത്തിനുള്ളിൽ എട്ടുപേരാണ് എം.സി റോഡിൽ തൃക്കളത്തൂർ പ്രദേശത്തുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത്. മൂന്നുപേർ കാൽനടയാത്രക്കാരാണ്​. നൂറോളം അപകടങ്ങളാണ് ഈ കാലയളവിൽ മാത്രം നടന്നത്. റോഡ് സുരക്ഷ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയും സ്ഥിരം സമിതി അധ്യക്ഷൻ എം.സി. വിനയനും ആവശ്യപ്പെട്ടു. ചിത്രം. എം.സി റോഡിൽ തൃക്കളത്തൂരിൽ അപകടത്തിൽപെട്ട കാർ EM Mvpa 3 Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.