ലോ കോളജിലെ എസ്.എഫ്.ഐ കൊടിമരം തകർത്തു; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

കൊച്ചി: എറണാകുളം ഗവ. ലോ കോളജിലെ എസ്‌.എഫ്‌.ഐയുടെ കൊടിമരവും പ്രചാരണ സാമഗ്രികളും തകർത്ത സംഭവത്തിൽ കൊച്ചി കോർപറേഷൻ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. വാത്തുരുത്തി ഡിവിഷനിലെ ടിബിൻ ദേവസ്യയാണ് സെൻട്രൽ പൊലീസ്​ പിടിയിലായത്. ടിബിനെ കൂടാതെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ, കെ.എസ്‌.യു കളമശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ എന്നിവർക്കെതിരെയും കേസുണ്ട്. എസ്‌.എഫ്‌.ഐ ലോ കോളജ്‌ യൂനിറ്റ്‌ പ്രസിഡന്റ്‌ ഷനൂഫിന്റെ പരാതിയിലാണ് കേസ്. ടിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. ശനിയാഴ്ച പുലർച്ചയാണ്‌ പ്രതികൾ കോളജിൽ അതിക്രമിച്ചുകയറി കൊടിമരവും പ്രചാരണ സാമഗ്രികളും തകർത്തത്‌. ഷാജഹാനും ടിബിനും ചേർന്ന്‌ മതിൽ ചാടിക്കടന്ന്‌ അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കൃഷ്ണലാൽ ഫോണിൽ പകർത്തി. പുലർച്ച രണ്ടോടെ ഈ ദൃശ്യങ്ങൾ ഷാജഹാൻ വാട്‌സ്‌ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു. കോളജിൽ അതിക്രമിച്ചു കയറിയതിനെതിരെ പ്രിൻസിപ്പൽ ബിന്ദു എം. നമ്പ്യാര്‍ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്‌. ആക്രമണത്തിൽ പ്രതിഷേധിച്ച്‌ എസ്‌.എഫ്‌.ഐ ഏരിയ കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. മദ്യവും ആയുധവും നൽകി കാമ്പസുകളിലേക്ക്‌ ക്രിമിനലുകളെ പറഞ്ഞുവിടുകയാണ്‌ കോൺഗ്രസെന്ന്‌ എസ്‌.എഫ്‌.ഐ ജില്ല കമ്മിറ്റി ആരോപിച്ചു. photo ash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.