ബുള്ളറ്റ്​ ടാങ്കറിൽനിന്ന് ചോർച്ച; സേഫ്റ്റി വാൽവ് തുറന്ന്​ പ്രശ്നം പരിഹരിച്ചു

അങ്കമാലി: കാർബൺ ഡൈ ഓക്സൈഡ് കയറ്റിപ്പോയ ബുള്ളറ്റ് ടാങ്കറിൽനിന്ന് ചോർച്ചയെന്ന് വിവരം പരന്നതോടെ അങ്കമാലി അഗ്​നി രക്ഷാസേന ഇടപെട്ട് പ്രശ്നം പരിഹരിച്ചു. യഥാസമയം ചോർച്ച അറിയാനായതാണ് വൻ ദുരന്തമൊഴിവാക്കാൻ സഹായകമായത്. ഏലൂരിൽനിന്ന് കോയമ്പത്തൂർ ആദി പാളയത്തിലേക്ക് 16 ടൺ കാർബൺ ഡൈ ഓക്സൈഡുമായി ​പോയ ബുള്ളറ്റ് ടാങ്കറിലാണ് ചോർച്ച അനുഭവപ്പെട്ടത്. ദേശീയപാത അങ്കമാലി വാപ്പാലശ്ശേരിയിൽ ബുധനാഴ്ച രാവിലെ 7.45 ഓടെ ടാങ്കറിന് പിന്നിൽ സഞ്ചരിച്ച യാത്രക്കാർക്ക്​ രൂക്ഷമായ ഗന്ധവും, കണ്ണ് എരിച്ചിലും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടു. അതോടെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. ടാങ്കറിൽ മർദം അധികമായത് മൂലമാണെന്ന നിഗമനത്തിൽ സേഫ്റ്റി വാൽവ് പ്രവർത്തിപ്പിച്ച് ഡ്രൈവർ വാതകം ചോർത്തി വിടുകയുമായിരുന്നു. പരിസരമാകെ വീണ്ടും രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാരും യാത്രക്കാരും അങ്കമാലി അഗ്​നിരക്ഷ സേനയെ അറിയിച്ചത്. അഗ്​നിരക്ഷസേന വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിർത്തിച്ചു. അധികമായി വന്ന വാതകം സേഫ്റ്റി വാൽവ് തുറന്നുവിട്ട് ഗന്ധം അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ബുള്ളറ്റ് ടാങ്കർ വാഹനം യാത്രയാക്കിയത്. യാത്രക്കിടെ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് ടാങ്കറിൽ അധികമായി അനുഭവപ്പെട്ടാൽ സേഫ്റ്റി വാൽവ് തുറന്നുവിട്ട് ഡ്രൈവർമാരാണ് പ്രശ്നം പരിഹരിക്കാറുള്ളത്. അങ്കമാലി സ്റ്റേഷൻ ഓഫിസർ കെ.എസ്. ഡിബിന്‍റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ എൻ. ജിജി, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ.എം.അബ്ദുൽ നസീർ സേനാംഗങ്ങളായ ബെന്നി അഗസ്റ്റിൻ, പി.ആർ. സജേഷ്, വിനു വർഗീസ്, വി.ആർ. രാഹുൽ , ശശിധരൻ നായർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ER ANKA 1 TANKER ബുള്ളറ്റ് കാർബൺ ഡൈ ഓക്സൈഡ് കയറ്റിയ ടാങ്കറിൽനിന്ന് സേഫ്റ്റി വാൽവ് തുറന്നുവിട്ട് വാതക മർദം കുറച്ചപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.