കെ.യു.ആർ.ടി.സി ജീവനക്കാർക്ക്​ കൂട്ട സ്ഥലംമാറ്റം; നിലവിൽ ഓടുന്നത്​ ആറ്​ ബസുകൾ മാത്രം

കൊച്ചി: സർവിസും ജീവനക്കാരെയും വെട്ടിക്കുറച്ചതോടെ കെ.യു.ആർ.ടി.സി ജനുറം ബസുകളുടെ കൊച്ചിയിലെ ഓട്ടം പൂർണമായി നിലക്കുന്നു. ലോക്ഡൗണിനുശേഷം 24 ദീർഘദൂര എ.സി സർവിസും ഒരു ലോക്കൽ സർവിസും നടത്തിയിരുന്ന കെ.യു.ആർ.ടി.സിയിൽ നിലവിൽ ഓടുന്നത് ആറ് ബസുകൾ മാത്രമാണ്. തേവര ഓഫിസിൽനിന്ന്​ 34 ജീവനക്കാരെയാണ് പറവൂർ ഡിപ്പോയിലേക്ക് കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയത്. ഇവർക്ക് പലർക്കും അവിടെ ജോലിയുമില്ല. 42 ബസുകൾ സർവിസിന് സജ്ജമാണെന്ന് കെ.യു.ആർ.ടി.സി അധികൃതർ വ്യക്തമാക്കുന്നുണ്ട്​. എറണാകുളം-തിരുവനന്തപുരം എ.സി ബസിൽനിന്ന് മാത്രം 30,000 മുതൽ 50,000 രൂപ വരെ വരുമാനം ലഭിക്കുന്നു. സർവിസ് നടത്താൻ ജീവനക്കാർ ഇല്ലാത്ത സ്ഥിതിയാണ് പരിഹരിക്കാത്തത്​. ഒരു സിറ്റി സർവിസ് തുടങ്ങിയതും ജീവനക്കാർ ഇല്ലാത്തതുകൊണ്ട് നിർത്തേണ്ടിവന്നു. കോവിഡിനു മുമ്പ്​ 11 സിറ്റി സർവിസുകൾ ഉണ്ടായിരുന്നു. ഒരു ബസിൽനിന്ന് 18,000 മുതൽ 20,000 രൂപ വരെ പ്രതിദിന വരുമാനവും ലഭിച്ചിരുന്നു. സിറ്റി സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ആലോചന പലവട്ടം നടന്നെങ്കിലും തീരുമാനമായില്ലെന്ന് ജീവനക്കാർ പറയുന്നു. കെ.എസ്.ആർ.ടി.സി.ക്ക് ഒരുകോടി രൂപ വരെ വരുമാനം നേടിക്കൊടുത്ത ബസുകളാണ് കെ.യു.ആർ.ടി.സി ജനുറം ബസുകൾ. വരുമാനം വർധിക്കുന്ന സാഹചര്യത്തിലാണ് കോർപറേഷനെത്തന്നെ പൂട്ടിക്കെട്ടാൻ ശ്രമം നടക്കുന്നതെന്നും ഇതിനെതിരെ പ്രത്യക്ഷ സമരം നടത്താനാണ് തീരുമാനമെന്നും ജീവനക്കാർ പറയുന്നു. കെ.യു.ആർ.ടി.സി തേവര ഓഫിസ് അടച്ചുപൂട്ടിയതിനു പിന്നാലെ ചുമതലയുള്ള സ്​റ്റേഷൻ മാസ്​റ്ററുടെ എറണാകുളം ഡിപ്പോയിലെ താൽക്കാലിക ഓഫിസും അടച്ചു. ഇദ്ദേഹത്തിന്​ കെ.എസ്.ആർ.ടി.സി സ്​റ്റേഷൻ മാസ്​റ്ററുടെ അടുത്തൊരു കസേരയിട്ട് നൽകി. കെ.യു.ആർ.ടി.സി ജീവനക്കാരെ കൂട്ടമായി സ്ഥലംമാറ്റിയത്തോടെ എറണാകുളം ഡിപ്പോയിൽ അവശേഷിക്കുന്നത് നാല് ഡ്രൈവർമാരും കണ്ടക്​ടർമാരുമാണ്. കഴിഞ്ഞ ദിവസം വരെ നാല് സർവിസ് നടത്തിയിരുന്നത് ആറാക്കി ഉയർത്തിയെങ്കിലും ജീവനക്കാരില്ല. കൊച്ചിയിലെ യാത്ര​േക്ലശം രൂക്ഷമാക്കുന്ന സർവിസ്​ വെട്ടിക്കുറക്കൽ പരിഹരിക്കണമെന്ന്​ കോർപറേഷൻ പ്രതിപക്ഷ നേതാവ്​ ആൻറണി കുരീത്തറ കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.