മെട്രോയിൽ ഇനി സൈക്കിളും കയറ്റാം

കൊച്ചി: മെട്രോ ട്രെയിനിൽ യാത്രക്കാര്‍ക്ക് സൈക്കിളുകള്‍ കൊണ്ടുപോകാന്‍ അനുമതി. സൈക്കിള്‍ സവാരിക്കാരുടെ എണ്ണം നഗരത്തിൽ വർധിച്ച സാഹചര്യത്തിലാണിത്​. സൗജന്യമായ ഈ സേവനം ആദ്യഘട്ടമെന്ന നിലയിൽ കൊച്ചി മെട്രോയുടെ ആറ് സ്‌റ്റേഷനുകളിലായിരിക്കും ഉണ്ടായിരിക്കുക. ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ടൗണ്‍ഹാള്‍, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം മെട്രോ സ്‌റ്റേഷനുകളിലാണ് സൈക്കിള്‍ കൊണ്ടുപോവുന്നതും ഇറക്കുന്നതും അനുവദിക്കുക. സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചാല്‍ എല്ലാ സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. സ്‌റ്റേഷനിലെ എലിവേറ്ററുകളും ഇതിനായി ഉപയോഗിക്കാം. സൈക്കിളുമായി ട്രെയിനുകളില്‍ പ്രവേശിക്കാന്‍ ജീവനക്കാരും സൗകര്യമൊരുക്കും. ട്രെയിനിൻെറ രണ്ട് അറ്റത്തും സൈക്കിള്‍ സൂക്ഷിക്കാം. കളമശ്ശേരി മെട്രോ സ്‌റ്റേഷൻ മുതൽ കാക്കനാട് കലക്ടറേറ്റ് വരെ ഫീഡര്‍ സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരിയില്‍നിന്ന് രാവിലെ 9.30നും കാക്കനാട് കലക്ടറേറ്റില്‍നിന്ന് വൈകീട്ട് അഞ്ചിനുമാണ് ഫീഡര്‍ സര്‍വിസ്. വൈറ്റില മെട്രോ സ്‌റ്റേഷനില്‍ ഓട്ടോ സര്‍വിസും കെ.എം.ആര്‍.എല്‍ തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.