പശ്ചിമകൊച്ചിക്ക് തൊണ്ട നനക്കാൻ വെള്ളമില്ല

മട്ടാഞ്ചേരി: പശ്ചിമകൊച്ചി മേഖലയിൽ മൂന്ന് ദിവസമായി കുടിവെള്ളമില്ല. വിതരണം തടസ്സപ്പെട്ടിട്ടും അധികൃതർ പുലർത്തുന്ന നിസ്സംഗതയിൽ പ്രതിഷേധം ശക്തമായി. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലേക്ക് മരട് പമ്പിങ് സ്റ്റേഷനിൽനിന്നുള്ള വിതരണമാണ് പൂർണമായി തടസ്സപ്പെട്ടത്. ഇതോടെ പാചകം ചെയ്യാനും തൊണ്ട നനക്കാൻപോലും വെള്ളമില്ലാത്ത അവസ്ഥയായി. വിദ്യാലയങ്ങളിലും ശേഖരിച്ചുവെച്ചിരുന്ന വെള്ളം തീർന്നത് പ്രതിസന്ധി സൃഷ്ടിച്ചു. ബദൽ സംവിധാനം ഒരുക്കാൻപോലും അധികൃതർ തയാറായില്ല. ചില ഡിവിഷനുകളിൽ കൗൺസിലർമാർ മുൻകൈയെടുത്ത് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം തകരാർ പരിഹരിക്കാനെത്തിയ കരാറുകാരൻ പണി നിർത്തിപ്പോകുകയും പിന്നീട് രാത്രി വീണ്ടും പണി തുടങ്ങുകയും ചെയ്തുവെന്നാണ് അറിയുന്നത്. അതേസമയം, തകരാർ പരിഹരിച്ചു വരുകയാണെന്നും ചൊവ്വാഴ്ച പമ്പിങ് പുനരാരംഭിക്കാൻ കഴിയുമെന്നും കരുവേലിപ്പടി വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. നഗരത്തിലെ ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ളം മുട്ടിച്ചത് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷറഫ് ആവശ്യപ്പെട്ടു. കുടിവെള്ള വിതരണത്തിന് പകരം സംവിധാനം അധികൃതർ ഏർപ്പെടുത്തണമെന്നും ടാങ്കർ ലോറി വഴി കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും മുൻ നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.