മാ​ധ്യ​മം എ​ജു ക​ഫേ​യി​ൽ ന​ട​ന്ന സി​വി​ൽ സ​ർ​വി​സ് പാ​ന​ൽ സെ​ഷ​ൻ  

പുതുകാലത്തെ സിവിൽ സർവിസിലേക്ക് വെളിച്ചം വിതറി കലക്ടറും റാങ്ക് ജേതാക്കളും

ആധുനിക കാലത്ത് എ.ഐ നിത്യജീവിതത്തിന്റെ ഭാഗമാവുമ്പോൾ സിവിൽ സർവിസ് തയാറെടുപ്പുകളിലും എ.ഐയുടെ സ്വാധീനം വലുതാണെന്ന് വിലയിരുത്തിക്കൊണ്ട് എജുകഫേയിലെ സിവിൽ സർവിസ് സെഷൻ. കലക്ടർ ജി. പ്രിയങ്ക, യു.പി.എസ്.സി ഇൻറർവ്യൂ ബോർഡ് മുൻ എക്സ്പർട്ട് മെമ്പർ ഡോ.വി.സി. ദിലീപ് കുമാർ, ഇത്തവണത്തെ സിവിൽ സർവിസ് റാങ്കുകാരായ ഡോ.വി.സി. ശ്രീലക്ഷ്മി, എസ്.ദിവ്യ, ടി.എ. മുഹമ്മദ് സലാഹ്, അസ്ന അൻവർ എന്നിവരാണ് സെഷനിൽ സദസ്സിനോട് സംവദിച്ചത്. എന്ത് തടസ്സമുണ്ടെങ്കിലും അത് മറികടക്കാൻ കഴിയുന്ന, ഒരിക്കലും നഷ്ടപ്പെടാത്ത ഒരു മോട്ടിവേഷൻ ഉണ്ടെങ്കിൽ എല്ലാവർക്കും നേടിയെടുക്കാനാവുന്ന ഒന്നാണ് സിവിൽ സർവിസെന്ന് കലക്ടർ ജി. പ്രിയങ്ക പറഞ്ഞു. ആദ്യദിനം നമ്മുടെ ഉള്ളിലുള്ള പ്രചോദനം ജീവിതകാലം മുഴുവൻ കൂടെയുണ്ടാവണം. ഹാർഡ് വർക്കും സ്മാർട്ട് വർക്കും ഒരുപോലെ പ്രയോഗിക്കണം. പ്രോബ്ലം സോൾവിങ് സ്കിൽ, ആളുകളോടുള്ള സഹാനുഭൂതി, മാനവവിഭവ ശേഷി കൈകാര്യം ചെയ്യൽ തുടങ്ങിയവ സിവിൽ സർവിസുകാർക്കു വേണ്ട നിപുണതകളാണെന്നും കലക്ടർ കൂട്ടിച്ചേർത്തു.

സിവിൽ സർവിസ് എന്ന ആകാശം എല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്നും മാർക്ക് മാത്രമല്ല അത് ജയിക്കാനുള്ള മാനദണ്ഡമെന്നും എം.സി. ദിലീപ് കുമാർ വ്യക്തമാക്കി. പഠിക്കാനേറെയുണ്ട്, അതിനാൽ തന്നെ പഠിക്കാനുള്ള ആർജവമുണ്ടാവണം. പരീക്ഷയെഴുതുന്നതു പോലെത്തന്നെ ഇൻറർവ്യൂവിൽ ആത്മവിശ്വാസത്തോടെ ഇടപെടുകയെന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

സിവിൽ സർവിസിനെ സംബന്ധിച്ചിടത്തോളം 50 ശതമാനം കഠിനാധ്വാനവും 50 ശതമാനം ഉത്കണ്ഠയുമാണെന്ന് ടി.എ. മുഹമ്മദ് സ്വലാഹ് പറഞ്ഞു. രണ്ടാം തവണ താൻ പഠിച്ചതേറെയും ചാറ്റ് ജിപിടിയുടെ സഹായത്തോടെയാണ്. യു.പി.എസ്.സിയുടെ അതേ മാതൃകയിൽ ചോദ്യോത്തരങ്ങൾ തരും, മോക്ക് ടെസ്റ്റുകളും ഇൻറർവ്യൂകളും നടത്താൻ സഹായിക്കും. സിവിൽ സർവിസ് മോഹികൾ നല്ല രീതിയിൽ എ.ഐയെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമത്തിലായിരിക്കുന്ന ഒരു കുട്ടിക്കും മെട്രോ സിറ്റിയിലുള്ള കുട്ടിക്കും ഒരുപോലെ പഠന മെറ്റീരിയൽ കിട്ടുന്നുവെന്നതാണ് എ.ഐയുടെ പ്രധാന പ്രയോജനമെന്ന് ഡോ.വി.സി. ശ്രീലക്ഷ്മി വ്യക്തമാക്കി. എന്നാൽ എന്തുപഠിക്കണം, എന്തുപഠിക്കേണ്ട എന്ന വിവേചന ശേഷി നമുക്കുണ്ടാകണം. എ.ഐയെ പൂർണമായി ആശ്രയിക്കുമ്പോൾ നമ്മുടെ തലച്ചോറിന്റെ ശേഷിയെ അത് ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

നാലാമത്തെ പരിശ്രമത്തിൽ റാങ്ക് നേടിയ താൻ പ്രിലിംസ്, മെയിൻസ്, ഇൻറർവ്യൂ തുടങ്ങി എല്ലാ ഘട്ടത്തിലും തോൽവി അറിഞ്ഞിട്ടുണ്ടെന്ന് എസ്. ദിവ്യ ചൂണ്ടിക്കാട്ടി. സമയക്രമീകരണവും അവതരണ ശേഷിയുമെല്ലാം സിവിൽ സർവിസ് തയ്യാറെടുപ്പിൽ പ്രധാനമാണ്. സോഷ്യൽ മീഡിയ വിനിയോഗം നിയന്ത്രിക്കണമെന്നും കൂട്ടിച്ചേർത്തു. സ്വപ്നം കാണുന്നതിന് പരിധികളില്ലെന്നും ഒരിക്കൽ ആ സ്വപ്നം സത്യമാവാൻ പരിശ്രമിച്ചാൽ മതിയെന്നും അസ്ന അൻവർ പറഞ്ഞു.

ഏത് മേഖലയിലാണ് താൻ എത്തി നിൽക്കുന്നതെങ്കിലും ഇതുപോലൊരു വേദിയിലിരുന്ന് അനുഭവങ്ങൾ പങ്കുവെക്കണമെന്നത് ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നു. എല്ലാവും പോകുന്ന വഴിയിൽ പോവണമെന്നില്ല, വ്യത്യസ്തമായ പാതകൾ നാം തെരഞ്ഞെടുക്കണമെന്നും അസ്ന കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവിധ സംശയങ്ങൾക്കുള്ള മറുപടിയും കലക്ടറുൾപ്പെടെയുള്ളവർ നൽകി.കലക്ടർ ജി. പ്രിയങ്കക്ക് മാധ്യമം ജനറൽ മാനേജർ എം.കെ.എം. ജാഫർ ഉപഹാരം നൽകി.

Tags:    
News Summary - Collector and rank winners shed light on the new era of civil service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.