കടമ്പ്രയാർ മലിനീകരണം: മത്സ്യസമ്പത്ത് കൂട്ടനാശത്തിലേക്ക്

കിഴക്കമ്പലം: മലിനീകരണം വർധിച്ചതോടെ കടമ്പ്രയാറിലെ മത്സ്യസമ്പത്ത് കൂട്ടനാശത്തിലേക്ക്. സ്വകാര്യ കമ്പനിയില്‍നിന്നും വ്യവസായ ശാലകളില്‍നിന്നും രാസമാലിന്യം ഉൾപ്പെടെ കടമ്പ്രയാറിലേക്കാണ് എത്തുന്നത്. രാസമാലിന്യം എത്തുന്നതിനെ തുടര്‍ന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് നിത്യസംഭവമാണ്. സംസ്ഥാന-കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പലതവണ പരിശോധിച്ചെങ്കിലും ഉറവിടം കണ്ടെത്താനായിട്ടില്ല. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍നിന്നുള്ള മലിനജലവും കടമ്പ്രയാറിലേക്കാണ് എത്തുന്നത്. വെള്ളത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. നാടന്‍ മത്സ്യങ്ങളുടെ കലവറയാണ് കടമ്പ്രയാർ. പുല്ലും പായലും നിറഞ്ഞതോടെ വലയിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പലപ്പോഴും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചെങ്കിലും ബാറ്ററി ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനാല്‍ ഇവ കൂട്ടത്തോടെ ചാകുന്നതും നിത്യസംഭവമാണ്. കടമ്പ്രയാറിൽ മത്സ്യബന്ധനം നടത്തി ജീവിച്ചിരുന്ന പലരും ഇന്ന് മറ്റ് തൊഴിലുകളിലാണ്. കടമ്പ്രയാര്‍ ടൂറിസം പദ്ധതി കുന്നത്തുനാടിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.