ലിംഗ തുല്യതയും ലിംഗ നീതിയും മുൻനിർത്തി പാഠപുസ്തകങ്ങൾ രണ്ട് വർഷത്തിനകം -മന്ത്രി ശിവൻകുട്ടി

കളമശ്ശേരി: ലിംഗ തുല്യത, ലിംഗ നീതി, ലിംഗ അവബോധം എന്നിവ മുൻനിർത്തി പുതിയ പാഠപുസ്തകങ്ങൾ രണ്ട് വർഷത്തിനകം തയാറാക്കുമെന്ന്​ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കളമശ്ശേരി മണ്ഡലത്തിലെ വിദ്യാർഥികളുടെ പഠനമികവിന് മന്ത്രി പി. രാജീവ് ഏർപ്പെടുത്തിയ 'ആകാശ മിഠായി' സീസൺ 2 പുരസ്കാരങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലിംഗ തുല്യതയും ലിംഗ നീതിയും ലിംഗ അവബോധവും മനസ്സിലാകാത്ത ഉത്തരവാദിത്തപ്പെട്ടവർതന്നെ എ​ന്തൊക്കയോ വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുകയാണ്. ലിംഗസമത്വത്തെ എന്തിനാണ് ഇവർ ഭയപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. അവരുടെ ഭാര്യക്കും മക്കൾക്കും തുല്യനീതി ലഭിക്കുന്നതിൽ എന്തുകൊണ്ടാണ് അവർ വിഷമിക്കുന്നത്. ഇവർ വീട്ടിൽച്ചെന്ന് സ്ത്രീയോട് അഭിപ്രായം ചോദിച്ചാൽ ഇവരുടെ പ്രസ്താവന പിൻവലിക്കേണ്ടിവരും. ജൻഡർ യൂനിഫോം, മിക്സഡ് സ്കൂൾ എന്നിവയിൽ സർക്കാറിന് ഒരു നിർബന്ധവും ഇല്ല. ഒരു സ്കൂളിനോടും നിശ്ചിത യൂനിഫോം ധരിക്കണമെന്ന് പറയില്ല. ആൺ, പെൺ സ്കൂളുകൾ മിക്സഡ് ആക്കണമെന്ന് നിർബന്ധിക്കുകയും ഇല്ല. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ച് താൽപര്യമുള്ളവർ രംഗത്ത് വന്നാൽ സർക്കാർ പുറംതിരിഞ്ഞ് നിൽക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.