ലോറി താഴ്ചയിലേക്ക് മറിഞ്ഞ്​ ഡ്രൈവർ മരിച്ചു

മുട്ടം (ഇടുക്കി): നിയന്ത്രണംവിട്ട ടോറസ്​ ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞ്​ ഡ്രൈവർ മരിച്ചു. തമിഴ്നാട് നാമക്കൽ മുത്തുസ്വാമിയുടെ മകൻ സെന്തിൽകുമാറാണ്​ മരിച്ചത്​. സഹായി നാമക്കൽ എരുമപ്പെട്ടി ചിന്നദുരൈയുടെ മകൻ അജയിനെ (21) ഗുരുതര പരിക്കുകളോടെ ​തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടം പഞ്ചായത്തുപടിക്ക് സമീപം വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടരയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളിയിൽനിന്ന്​ ഗുജറാത്തിലേക്ക് റബർ പാലുമായി പോയ ലോറിയാണ് മറിഞ്ഞത്. 98 വീപ്പകളിലായി 20 ടണ്ണോളം റബർ പാലാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവർ കാബിൻ പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് കാബിനിൽ കുടുങ്ങിക്കിടന്ന സെന്തിൽകുമാറിനെയും അജയിനെയും പുറത്തെടുത്തത്. ആദ്യം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ മുറിച്ചുമാറ്റിയിട്ടും ഇരുവരെയും പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് മുട്ടത്തുനിന്ന്​ ക്രെയിൻ എത്തിച്ച് അമർന്നിരുന്ന കാബിൻ വലിച്ചുയർത്തിയാണ് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. മരുതുംകല്ലേൽ വിജയന്‍റെ വീട്ടുമുറ്റത്തേക്കാണ് ലോറി പതിച്ചത്. ലോറിയിലുണ്ടായിരുന്ന 50ഓളം വീപ്പകൾ ചിതറിത്തെറിച്ചു. ഇതിൽ 15ഓളം വീപ്പകൾ പൊട്ടി റബർ പാൽ ചോർന്നൊലിച്ചു. പാൽ കട്ടിയാകാതിരിക്കാൻ ചേർക്കുന്ന അമോണിയയുടെ രൂക്ഷഗന്ധം രക്ഷാപ്രവർത്തനത്തിനെത്തിയവർക്ക് ആദ്യം അസ്വസ്ഥത സൃഷ്ടിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സെന്തിൽകുമാറിന്‍റെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാൻ നടപടി ആരംഭിച്ചു​. tdl mltml അപകത്തിൽപെട്ട ലോറിയിൽനിന്ന്​ അജയ്​നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുന്നു tdl mltm2 40 അടി താഴ്ചയിലേക്ക് മറിഞ്ഞ ടോറസ് ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.