ഫ്ലാറ്റി​ലെ കൊലപാതകം: അന്വേഷണത്തിന്​ പത്തംഗ സംഘം

കാക്കനാട്: ഇടച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ശക്തമാക്കുന്നു. പിടിയിലായ പ്രതി അർഷദിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ചതായി പൊലീസ് പറഞ്ഞു. 10 പേരടങ്ങുന്ന സംഘത്തിന്റെ പ്രവർത്തനം കമീഷണർ, ഡി.സി.പി, എ.സി.പി തുടങ്ങിയവരുടെ മേൽനോട്ടത്തിലാകും. ലഹരിത്തർക്കത്തെ തുടർന്നാണ് കൊല നടന്നതെന്ന് നേരത്തേതന്നെ പൊലീസ് പറഞ്ഞിരുന്നു. ഇതോടെ കേസിന് കൂടുതൽ മാധ്യമശ്രദ്ധ ലഭിച്ച സാഹചര്യത്തിലാണ് പഴുതടച്ച അന്വേഷണത്തിന് തീരുമാനിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാലേ കൊലപാതകവുമായി ബന്ധപ്പെട്ട് ദുരൂഹതകൾക്ക് അയവ് വരൂ. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ മറ്റാരെയും പിടികൂടിയിട്ടില്ലെങ്കിലും കൂടുതൽ പേർക്ക് കൊലയിൽ പങ്കുണ്ടാകാം എന്ന സംശയം പൊലീസ് ഇനിയും തള്ളിക്കളഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്താൻ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. കൃത്യത്തിന് ശേഷം അർഷദ് സഞ്ചരിച്ച വഴിയിലൂടെയാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ പരിശോധിച്ച ദൃശ്യങ്ങൾ പ്രകാരം ബൈക്കിൽ ഇയാൾ ഒറ്റക്കായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.