റിഫൈനറി തൊഴിലാളികളുടെ ശമ്പളം പിടിച്ചുവെച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കും

പള്ളിക്കര: രണ്ടുദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത റിഫൈനറി തൊഴിലാളികളുടെ എട്ടുദിവസത്തെ ശമ്പളം പിടിച്ചുവെച്ച ബി.പി.സി.എല്‍ മാനേജ്‌മെന്റ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 15 മുതല്‍ റിഫൈനറി ഗേറ്റില്‍ ആരംഭിച്ച റിലേ സത്യഗ്രഹം ശക്തിപ്പെടുത്താന്‍ സംയുക്ത ട്രേഡ് യൂനിയന്‍ സമിതി തീരുമാനിച്ചു. നിയമപരമായി 14 ദിവസം മുമ്പ് നോട്ടീസ് നല്‍കി പണിമുടക്കിയ തൊഴിലാളികള്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സമാനരീതിയിലുള്ള ഒരു നടപടിയും കേരളത്തിനകത്തോ പുറത്തോ ഉള്ള മറ്റൊരു മാനേജ്‌മെന്റും സ്വീകരിച്ചിട്ടില്ലെന്നും തൊഴിലാളി യൂനിയനുകള്‍ പറയുന്നു. രണ്ടുതവണ തൊഴില്‍ മന്ത്രി യോഗം വിളിക്കുകയും കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ വ്യവസായ മന്ത്രികൂടി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയം പരിഹരിക്കാന്‍ വീണ്ടും സമയം ചോദിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്രോളിയം ഉൽപന്നങ്ങളുടെ നീക്കം സ്​തംഭിപ്പിക്കുന്ന സമരം മാറ്റിവെച്ചിരുന്നു. സമരം മാറ്റിവെച്ചെങ്കിലും പ്രതിഷേധ പരിപാടികൾ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാനും സെപ്റ്റംബർ രണ്ട് വരെ റിലേ സത്യഗ്രഹ പരിപാടികൾ തുടരാനും സംയുക്ത ട്രേഡ് യൂനിയൻ സമിതി യോഗം തീരുമാനിച്ചു. പോൾസൺ പീറ്റർ അധ്യക്ഷത വഹിച്ചു. എം.ജി. അജി, എൻ.കെ. ജോർജ്​, എം.വൈ. കുരിയാച്ചൻ, ബി. ഹരികുമാർ, എ.സി. ചന്ദ്രജൻ, എം.എ. സാദിഖ്​, സി.കെ. ജോൺസ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.