കാംകോ ജീവനക്കാർ പ്രക്ഷോഭത്തിന്​

അങ്കമാലി: സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപറേഷനെ (കാംകോ) തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ കാംകോ ജീവനക്കാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമരത്തിന്റെ മുന്നോടിയായി വെള്ളിയാഴ്ച കമ്പനി കവാടത്തിന് മുന്നിൽ ജീവനക്കാർ 24 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിക്കുന്നു. കാംകോ ഐ.എൻ.ടി.യു.സി യൂനിയൻ നേതൃത്വത്തിൽ യു.ടി.യു.സി, കാംകോ എംപ്ലോയീസ് യൂനിയൻ തുടങ്ങിയ സംഘടനകകളുടെ ആഭിമുഖ്യത്തിലാണ് നിരാഹാരം സംഘടിപ്പിക്കുന്നത്. സ്ഥിരം എം.ഡിയെ നിയമിക്കുക, സർക്കാർ പിടിപ്പുകേട് അവസാനിപ്പിക്കുക, കാംകോയെ തകർക്കുന്ന സർക്കാർ നയങ്ങൾ തിരുത്തുക, സ്പെയർ പാർട്സ് ലഭ്യത ഉറപ്പുവരുത്തുക, ഉൽപാദനവും വിപണനവും ത്വരിതപ്പെടുത്തുക, ദീർഘകാല കരാർ നടപ്പാക്കുക, മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരം സംഘടിപ്പിക്കുന്നതെന്ന് കാംകോ ഐ.എൻ.ടി.യു.സി യൂനിയൻ പ്രസിഡന്റ് പി.ജെ. ജോയി പറഞ്ഞു. 10 മാസത്തിനിടെ നാല് എം.ഡിമാരെയാണ്​ നിയോഗിച്ചതെന്ന് ജോയി ചൂണ്ടിക്കാട്ടി. രണ്ടു വർഷമായിട്ടും ദീർഘകാല കരാർ നടപ്പാക്കിയിട്ടില്ല. കാലങ്ങളായി ലാഭത്തിൽ പ്രവർത്തിച്ചുവരുന്ന കാംകോ പ്രവർത്തനമൂലധനത്തിന്റെ അഭാവംമൂലം തകർച്ചയിലേക്ക് നീങ്ങുന്ന അവസ്ഥയാണെന്നും പി.ജെ. ജോയി ചൂണ്ടിക്കാട്ടി. രാവിലെ 9.30ന് ആരംഭിക്കുന്ന നിരാഹാര സമരം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ഐ.എൻ.ടി.യു.സി യൂനിയൻ പ്രസിഡന്റ് പി.ജെ. ജോയി അധ്യക്ഷത വഹിക്കും. ട്രേഡ് യൂനിയൻ നേതാക്കളായ കെ.കെ. ജിന്നാസ്, വി.പി. ജോർജ്, ജോർജ് സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.