കാസർകോട്ട്​​ പുതിയ കോളജ്: തുടർ നടപടികൾക്ക്​ ഹൈകോടതിയുടെ സ്റ്റേ

കൊച്ചി: കാസർകോട്ട്​ പടന്നയിൽ ടി.കെ.സി എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പുതിയ ആർട്‌സ് ആൻഡ് സയൻസ് കോളജ് തുടങ്ങാനുള്ള നടപടികൾ ഹൈകോടതി താൽക്കാലികമായി തടഞ്ഞു. യു.ജി.സി മാർഗനിർദേശങ്ങൾ പാലിക്കാതെയാണ്​ കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലർ കോളജിന്​ അനുമതി നൽകിയതെന്ന്​ കാട്ടി ഷറഫ് ആർട്‌സ് ആൻഡ് സയൻസ് കോളജ് കമ്മിറ്റി നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ സ്റ്റേ ഉത്തരവ്​. ഹരജി വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് 19 വരെയാണ്​ സ്റ്റേ. സ്വാശ്രയ കോളജ് തുടങ്ങാൻ യു.ജി.സി നിബന്ധന പ്രകാരം അഞ്ച് ഏക്കർ വേണമെന്നുണ്ടെങ്കിലും പുതിയ കോളജിന് ഇത്രയും സ്ഥലമില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ്​ ഹരജി. നിലവിലുള്ള സ്ഥലം നിർമാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യവുമല്ല. കണ്ണൂർ സർവകലാശാലയുടെ ശിപാർശയെ തുടർന്ന് ഭരണാനുമതി നൽകുന്നെന്നാണ് വി.സിയുടെ ഉത്തരവിൽ പറയുന്നത്. ഭരണാനുമതി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെന്നും സർവകലാശാല ശിപാർശ നൽകിയെന്ന്​ പറയുന്നത് രേഖയിലില്ലെന്നും​ ഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. പുതിയ കോളജ് തുടങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെങ്കിൽ രേഖകളെല്ലാം ഹാജരാക്കണം. ഇതിന്​ സർവകലാശാലക്ക്​ സമയം അനുവദിക്കാനാണ്​ ഹരജി മാറ്റിയത്​. എതിർ കക്ഷികളായ ടി.കെ.സി എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിക്കും മറുപടി നൽകാമെന്ന്​ ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.