സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരിമറി, ഒരു പുക പരിശോധന കേന്ദ്രത്തിനുകൂടി പൂട്ട് വീണു

കാക്കനാട്: മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ കൃത്രിമം കാണിക്കുന്നതിനുള്ള സോഫ്റ്റ്​വെയർ ഉപയോഗിച്ച് വന്നിരുന്ന ഒരു സ്ഥാപനത്തിനുകൂടി പൂട്ട് വീണു. അങ്കമാലിയിൽ പ്രവർത്തിക്കുന്ന പുക പരിശോധന കേന്ദ്രമാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ പിടിക്കപ്പെട്ടത്. പരിശോധന നടത്താതെ പ്രത്യേക സോഫ്​റ്റ്​വെയർ വഴി കേന്ദ്രസർക്കാറിന്‍റെ സെർവറിൽ നുഴഞ്ഞു കയറിയാണ്​ കൃത്രിമം നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ കൊടുത്തിട്ടുണ്ട്. എറണാകുളം ആർ.ടി ഓഫിസിൽ ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്​ച കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന പുക പരിശോധന കേന്ദ്രത്തിൽനിന്ന് അനധികൃത സോഫ്റ്റ്‌വെയർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റൊരു സ്ഥാപനവും ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതായി വ്യക്തമായത്. 48 സ്ഥാപനത്തിലാണ്​ പരിശോധന നടത്തിയത്. മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാണ് 13 പരിശോധന കേന്ദ്രത്തിന്​ സ്റ്റോപ് മെമ്മോ നൽകിയത്. അങ്കമാലി സബ് ആർ.ടി ഓഫിസ് പരിധിയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ഇവിടെ 13 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് സ്ഥാപനത്തിനാണ് പ്രവർത്തന അനുമതി നിഷേധിച്ചത്​. ആലുവയിലും നോർത്ത് പറവൂരിലും രണ്ട് വീതവും എറണാകുളം, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ ഓരോ സ്ഥാപനത്തിനും സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.