അവധിയിൽ കോംപ്ലിക്കേഷനോട്​ കോംപ്ലിക്കേഷൻ

കൊച്ചി: മഴ കനത്തിട്ടും സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി പ്രഖ്യാപിക്കാൻ വൈകിയ എറണാകുളം ജില്ല ഭരണകൂടത്തിന്‍റെ നടപടി വിദ്യാർഥികളെയും രക്ഷിതാക്കളെയും വലച്ചു. സ്കൂളുകൾ പ്രവർത്തിച്ചു്​ തുടങ്ങിയതിന് പിന്നാലെ അവധി നൽകിയ തീരുമാനത്തിനെതിരെ രക്ഷിതാക്കളടക്കമുള്ളവർ രംഗത്തെത്തി. ബുധനാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ കുറവായതിനാലും റെഡ്​ അലർട്ട്​ പിൻവലിച്ചതിനാലും കനത്ത മഴ പെയ്ത കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ മാത്രമാണ്​ അവധി പ്രഖ്യാപിച്ചിരുന്നത്​. രാത്രിയോടെ ജില്ലയിൽ മഴ വ്യാപകമാകുകയും രാവിലെയോടെ കനക്കുകയും ചെയ്​തു. കാലാവസ്ഥ പ്രതികൂലമായതോടെ കലക്ടർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും​ 8.25ഓടെ അവധി​ പ്രഖ്യാപിച്ചു. ജില്ലയിൽ എട്ട്​ മണി മുതൽ ക്ലാസുകൾ ആരംഭിക്കുന്ന സ്വകാര്യ സ്​കൂളുകളുണ്ട്​. ഇവിടേക്ക്​ രാവിലെ ആറുമുതൽ തന്നെ ബസ്​ സർവിസ്​ ആരംഭിക്കും. നിരവധി കുട്ടികൾ​ സ്കൂളുകളിലേക്ക്​ പുറപ്പെട്ട ശേഷം വന്ന അവധി പ്രഖ്യാപനം രക്ഷിതാക്കളെയും വിദ്യാർഥികളെയും സ്കൂൾ അധികൃതരെയും വലച്ചു. അവധി പ്രഖ്യാപനമറിഞ്ഞ്​ രക്ഷിതാക്കൾ കുട്ടികളെ വിളിക്കാൻ സ്കൂളുകളിലേക്ക്​ പുറപ്പെട്ടു. ഇതിനിടെ സ്കൂൾ അധികൃതർ വാഹനം തിരിച്ചുവിട്ടതോടെ പെരുമഴയിൽ വലഞ്ഞത്​ വിദ്യാർഥികളും രക്ഷിതാക്കളുമാണ്​. കുട്ടികളെ സ്കൂളിലാക്കി ​ജോലിക്കിറങ്ങിയ രക്ഷിതാക്കളും പെട്ടു. ചില സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. പരാതികൾ വ്യാപകമായതോടെ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്നും സ്കൂളുകളിലെത്തിയ വിദ്യാർഥികളെ തിരിച്ച് അയക്കേണ്ടതില്ലെന്നും കലക്ടർ വിശദീകരണക്കുറിപ്പ് ഇറക്കി. പല സ്കൂളുകളും ഉച്ചവരെ പ്രവർത്തിച്ച്​ കുട്ടികളെ വിട്ട്​ പ്രവർത്തനം അവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.