മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഗർത്തം അടച്ചു

മൂവാറ്റുപുഴ: ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ നഗര മധ്യത്തിൽ രൂപപ്പെട്ട വൻ ഗർത്തം അടച്ചു. ഇതോടെ 20 മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്. 10 മീറ്ററോളം വ്യാസത്തിലും, മൂന്നര മീറ്റർ ആഴത്തിലും രൂപപ്പെട്ട ഗർത്തം ഗ്രാവൽ അടക്കമുള്ള മിശ്രിതം ഉപയോഗിച്ചാണ് അടച്ചത്. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് എം.സി റോഡിലെ കച്ചേരിത്താഴം വലിയപാലത്തിന് സമീപം വൻ ഗർത്തം രൂപപ്പെട്ടത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ സ്ഥാപിച്ച ബി.എസ്.എൻ.എൽ ചേംബറിനോട്​ ചേർന്ന ഭാഗത്തെ മണ്ണിടിഞ്ഞ് താഴ്ന്നതാണ് ഗർത്തം രൂപപ്പെടാൻ കാരണം. ബി.എസ്.എൻ.എൽ കേബിളുകളുടെ ജങ്​ഷൻ ബോക്സായി കോൺക്രീറ്റിൽ പണിതീർത്തതാണ് ചേമ്പർ. ഇതിനു സമീപത്തുകൂടി ഓടയും കടന്നുപോകുന്നുണ്ട്. സംഭവം നടന്ന ഉടൻ സമീപത്തെ വ്യാപാരികളും, പൊലീസും ചേർന്ന് ഇതിനു ചുറ്റും സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തടിലോറികൾ അടക്കം വലിയ ഭാരവാഹനങ്ങൾ കടന്നുപോകുന്ന സമയത്തായിരുന്നു റോഡ് ഇടിഞ്ഞ് ഗർത്തം ഉണ്ടായത്. തുടർന്ന് നഗരത്തിലെ ഗതാഗതം തിരിച്ചുവിടുകയായിരുന്നു. സംഭവം അറിഞ്ഞ് പുലർച്ചയോടെ തന്നെ മാത്യു കുഴൽനാടൻ എം.എൽ.എയും പൊതുമരാമത്ത്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന്​ നവീകരണപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ശക്തമായ മഴ തുടരുന്നതിനാൽ താൽക്കാലികമായി ഗർത്തം അടക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. മഴ മാറിയ ശേഷം വിശദ പരിശോധന നടത്തി റോഡ് പൂർണ തോതിൽ നവീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചിത്രം. എം.സി റോഡിലെ കച്ചേരിത്താഴം വലിയപാലത്തിന് സമീപം രൂപപ്പെട്ട വൻ ഗർത്തം മൂടുന്നു 2 കുഴി മൂടിയപ്പോൾ Em Mvpa 2 Kuzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.