ചുമതല കൈമാറാൻ ശ്രീറാം എത്തിയില്ല; ആലപ്പുഴ കലക്ടറായി കൃഷ്ണതേജ

ആലപ്പുഴ: ജില്ല കലക്ടറായി വി.ആർ. കൃഷ്ണതേജ ചുമതലയേറ്റു. ​കലക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ അഭാവത്തിൽ എ.ഡി.എമ്മിൽനിന്നാണ്​ ചുമതലയേറ്റത്. ചൊവ്വാഴ്ച സ്ഥാനമൊ​ഴിഞ്ഞ ശ്രീറാം, എ.ഡി.എം എസ്​. സന്തോഷ്​കുമാറിന്​ ചുമതല കൈമാറി പോകുകയായിരുന്നു. ചട്ടം അനുസരിച്ച് ജില്ല ഭരണാധികാരിയാണ് ചുമതല കൈമാറേണ്ടത്. കലക്ടർ അല്ലെങ്കിൽ എ.ഡി.എം ആണ് ഈ ചുമതല വഹിക്കുന്നത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച്​ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം ആറുദിവസം മാത്രം കലക്​ടർ പദവിയിലിരുന്നത്​. ശ്രീറാമിനെ കലക്ടറാക്കിയതിനെതിരെ വിവിധ മേഖലകളിൽനിന്ന്​ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ശ്രീറാമിനെ നീക്കി കൃഷ്ണതേജയെ നിയമിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണതേജ 2015 ഐ.എ.എസ് ബാച്ചുകാരനാണ്. 2018ലെ മഹാപ്രളയസമയത്ത് ആലപ്പുഴ സബ് കലക്ടറായിരിക്കെ അ​ദ്ദേഹം 'ഐ ആം ഫോര്‍ ആലപ്പി' പ്രളയാനന്തര പുനരധിവാസ പദ്ധതി ആവിഷ്കരിച്ച്​ നടപ്പാക്കി. കെ.ടി.ഡി.സി മാനേജിങ്​ ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജില്ല വികസന കമീഷണര്‍ കെ.എസ്. അ‌ഞ്ജു, സബ്​ കലക്ടർ സൂരജ്​ ഷാജി എന്നിവർ കലക്ടറെ സ്വീകരിച്ചു. APG COLLECTOR KRISHNA THEJA ആലപ്പുഴ കലക്ടറായി കൃഷ്ണതേജ ചാർജെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.