പറവൂർ: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കുന്നുകര, പുത്തൻവേലിക്കര, ചേന്ദമംഗലം, കടുങ്ങല്ലൂർ, ഏലൂർ എന്നിവിടങ്ങളിലാണ് ക്യാമ്പ് ആരംഭിച്ചത്. കുന്നുകരയിൽ വയൽക്കര ഗവ. എൽ.പി സ്കൂൾ കുന്നുവയൽ, പുത്തൻവേലിക്കരയിൽ ഇളന്തിക്കര ജി.എൽ.പി.എസ്, ചേന്ദമംഗലത്ത് പാലാതുരുത്ത് സംഘമിത്ര ഹാൾ, ഏലൂരിൽ ഫാക്ടിന്റെ ഈസ്റ്റേൺ യു.പി സ്കൂൾ, കടുങ്ങല്ലൂരിൽ കുറ്റിക്കാട്ടുകര ഗവ. യു.പി.എസ്, ഐ.എ.സി യൂനിയൻ ഓഫിസ് ഹാൾ, മുപ്പത്തടം ജി.എച്ച്.എസ് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് ആരംഭിച്ചത്. കനത്ത മഴയിൽ ചാലക്കുടിയാറും പെരിയാറും കരകവിഞ്ഞൊഴുകി കണക്കൻകടവ് - ആലമറ്റം റോഡ്, തേലത്തുരുത്ത് കോളനി ചൗക്കക്കടവ് ലിങ്ക് റോഡ്, പള്ളം റോഡ് തുടങ്ങി വിവിധ പഞ്ചായത്തുകളിലായി ഒട്ടേറെ റോഡുകൾ വെള്ളത്തിൽ മുങ്ങി. പുത്തൻവേലിക്കരയിൽ വെള്ളാട്ടുപ്പുറം, തെനപ്പുറം, കോഴിത്തുരുത്ത്, തേലത്തുരുത്ത്, ചെറുകടപ്പുറം മേഖലയിൽ വീടുകളിൽ വെള്ളം കയറി. ഒട്ടേറെപ്പേർ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറും ഉയർത്തി. ചൊവ്വാഴ്ച പുലർച്ച 2.30നുണ്ടായ കാറ്റിൽ പറവൂർ പെരുവാരം - പടമടം റോഡിൽ മരം കടപുഴകി ഒമ്പത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ദുരന്ത നിവാരണ ഭാഗമായി നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആവശ്യം വന്നാൽ മാർ ഗ്രിഗോറിയോസ്, പുല്ലംകുളം എസ്.എൻ.എച്ച്.എസ്.എസ്, സെന്റ് ജർമയിൻസ് എൽ.പി.എസ് എന്നിവിടങ്ങളിൽ ക്യാമ്പ് തുറക്കും. റെഡ് അലർട്ട് ദിവസങ്ങളിൽ നഗരസഭ ഓഫിസിൽ കൺട്രോൾ റൂം തുറക്കുമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: 0484-2442327, 9496602466, 7907413784. EA PVR kalavarsha Keduthi 4 പറവൂർ പെരുവാരം - പടമടം റോഡിൽ മരം കടപുഴകി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.