അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് എല്ലാ വകുപ്പും സജ്ജം  

ആലുവ: ശക്തമായ മഴയിൽ ആലുവ താലൂക്കിൽ അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് എല്ലാ വകുപ്പും സജ്ജമാണെന്ന് അൻവർ സാദത്ത് എം.എൽ.എ വിളിച്ചുചേർത്ത അവലോകന യോഗം വിലയിരുത്തി. പെരിയാറിലെയും ചാലക്കുടിപ്പുഴയിലെയും മാഞ്ഞാലിത്തോടിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അടിയന്തര ഘട്ടത്തിൽ എടുക്കേണ്ട മുന്നൊരുക്കത്തെക്കുറിച്ച് അവലോകനം ചെയ്യാനാണ് യോഗം വിളിച്ചത്. ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, റവന്യൂ, ആരോഗ്യം, പൊലീസ്, അഗ്നിരക്ഷ സേന, കെ.എസ്.ഇ.ബി, ഇറിഗേഷൻ, സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തമുണ്ടാകണം. ഇതിനായി യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, റെസിഡന്‍റ്​സ്​ അസോസിയേഷനുകൾ, ക്ലബുകൾ എന്നിവർ സജ്ജരായിരിക്കണമെന്ന് യോഗം അഭ്യർഥിച്ചു. പ്രളയ സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കാൻ എല്ലാ പഞ്ചായത്തും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പൊലീസിന്റെ സേവനം ലഭ്യമാക്കാൻ ​തയാറെടുപ്പുകൾ നടത്തിയതായി പൊലീസ് യോഗത്തിൽ അറിയിച്ചു. അഗ്നിരക്ഷ സേനയുടെ സേവനം കൂടാതെ 30 പേരടങ്ങുന്ന സന്നദ്ധസേനയെ തയാറാക്കിയിട്ടുണ്ടെന്ന് അഗ്നിരക്ഷ സേന അറിയിച്ചു. അപകടകരമായ സ്ഥിതിയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ യോഗത്തിൽ തീരുമാനമായി. നിലവിൽ ചൂർണിക്കര പഞ്ചായത്തിലെ എസ്.പി.ഡബ്ല്യു ഹൈസ്കൂളിൽ എട്ട് കുടുംബത്തിലെ 31 പേർക്കായും നെടുമ്പാശ്ശേരിയിൽ മൂന്ന് കുടുംബങ്ങളിലെ ഒമ്പതുപേർക്കുമായി ദുരിതാശ്വാസ ക്യാമ്പ്​ തുറന്നിട്ടുണ്ട്. സപ്ലൈകോ സ്റ്റോറുകളിൽനിന്ന്​ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ ക്രെഡിറ്റിൽ സാധനങ്ങൾ നൽകാൻ നിർദേശം നൽകിയതായി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. യോഗത്തിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, പി.വി. കുഞ്ഞ്, സെബ മുഹമ്മദാലി, രാജി സന്തോഷ്, ഗ്രേസി ദയാനന്ദൻ, സതി ലാലു, തഹസിൽദാർ സുനിൽ മാത്യു, ജില്ല പഞ്ചായത്ത് അംഗങ്ങളായ എം.ജെ. ജോമി, സനിത റഹീം, റൈജ അമീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, താലൂക്ക് സപ്ലൈ ഓഫിസർ, കെ.എസ്.ഇ.ബി എക്സി. എൻജിനീയർ, ഫയർ സ്റ്റേഷൻ ഓഫിസർ, ഇറിഗേഷൻ വകുപ്പ്​ ഉദ്യോസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഹെൽത്ത് ഓഫിസർമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.