കാക്കനാട് വീടിന്റെ ചുമരിടിഞ്ഞു

കാക്കനാട്: കനത്ത മഴയിൽ തൃക്കാക്കര നഗരസഭയിൽ വീടിന്‍റെ ചുമരിടിഞ്ഞുവീണു. കാക്കനാട് അത്താണി അയ്യപ്പക്ഷേത്രത്തിന് സമീപം പുത്തൻപുരക്കൽ അബ്ദുൽ മനാഫിന്റെ വീടിന്റെ ഒരുഭാഗമാണ് ഇടിഞ്ഞത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഒരുവശത്തെ ചുമരിടിഞ്ഞ് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നത് വൻ അപകടമാണ് ഒഴിവാക്കിയത്. ഇത്തവണത്തെ മഴയിൽ വീടിന്റെ ചുമരിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെ മനാഫും ഭാര്യയും മക്കളുമടങ്ങിയ കുടുംബം പള്ളിക്കരയിലേക്ക് താമസം മാറിയതാണ് ദുരന്തം ഒഴിവാക്കിയത്. വർഷങ്ങൾക്കുമുമ്പ്​ സമീപത്തെ അംഗൻവാടിക്കുവേണ്ടി മണ്ണെടുത്തതോടെയാണ് ഇവിടെ അപകടാവസ്ഥയിലായത്. അംഗൻവാടിക്ക് ചുറ്റുമതിൽ കെട്ടിയെങ്കിലും അപകടാവസ്ഥയിലായ വീടിന് സുരക്ഷ കവചം ഒരുക്കിയിരുന്നില്ലെന്ന് മനാഫ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് തൃക്കാക്കര നഗരസഭക്കും വില്ലേജ് അധികൃതർക്കും പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും മനാഫ്​ പറഞ്ഞു. ഫോട്ടോ: കാക്കനാട് അത്താണിക്ക് സമീപം വീടിന്റെ ചുമരിടിഞ്ഞുവീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.