പിങ്ക് പൊലീസ് അപമാനിച്ച സംഭവം: അപ്പീൽ ഹരജി പത്ത്​ ദിവസത്തിന്​ ശേഷം പരിഗണിക്കാൻ മാറ്റി

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത് അപമാനിച്ച എട്ടു വയസ്സുകാരിക്കും പിതാവിനും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാറിന്‍റെ അപ്പീൽ ഹരജി ഹൈകോടതി പത്ത്​ ദിവസത്തിന്​ ശേഷം പരിഗണിക്കാൻ മാറ്റി. പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്തുണ്ടായ വീഴ്ചക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന വിധി നിയമപരമായി നിലനിൽക്കില്ലെന്നതടക്കം ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്​, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്. 2021 ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നത് കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജങ്​ഷനിൽ എത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവമുണ്ടായത്. ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും സർക്കാർ നൽകാൻ ഡിസംബർ 22ന് സിംഗിൾ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.