ഷാജ്​ കിരണും ഇബ്രായിയും മൊഴി നൽകി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ ഇവരുടെ മുൻ സുഹൃത്തായ ഷാജ് കിരൺ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി മൊഴി നൽകി. ഇന്നലെ ഉച്ചക്ക്​ മൂന്നോടെ ആലുവ പൊലീസ് ക്ലബി​ലെത്തിയാണ്​ മൊഴി നൽകിയത്​. മൊഴിയെടുപ്പ്​ നടപടി രാത്രിവൈകും വരെ തുടർന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം ഷാജ് അന്വേഷണസംഘത്തോടും ആവർത്തിച്ചതായാണ്​ വിവരം. സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ടെന്നും ഇതിനകത്ത്​ തന്നെ പെടുത്തിയിരിക്കുകയാണെന്നും ഷാജ് അന്വേഷണ സംഘത്തോട്​ പറഞ്ഞു. ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും പ്രതികളല്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈകോടതിയെ അറിയിച്ചിരുന്നു. ഇരുവരും ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോഴാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഷാജ് മുഖ്യമന്ത്രിയുടെ ദൂതനാണെന്നാണ് സ്വപ്ന സുരേഷ്​ ആരോപിച്ചത്​. ഇത്​ സാധൂകരിക്കുന്നതെന്ന്​ പറഞ്ഞ്​ ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണം സ്വപ്ന മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ ഷാജ് കിരണും സുഹൃത്തായ ഇബ്രായിയും തമിഴ്‌നാട്ടിലേക്ക് പോയി. ഫോണിൽ സ്വപ്നക്കെതിരായ വിഡിയോകളുണ്ടെന്നും ഡിലീറ്റ് ചെയ്തതിനാൽ ഇത് വീണ്ടെടുക്കാനാണ് തമിഴ്‌നാട്ടിൽ പോയതെന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്​.എന്നാൽ, ഫോണിലെ വിവരങ്ങൾ പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നാണ് ഷാജ് കിരൺ ഇപ്പോൾ പറയുന്നത്. എന്നാൽ, ഫോണിലെ വിവരങ്ങൾ നശിപ്പിക്കാനാണ് ഇവർ തമിഴ്‌നാട്ടിൽ പോയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.