കിഴക്കമ്പലം-പട്ടിമറ്റം-നെല്ലാട് റോഡ് നിർമാണം സഹികെട്ട്​ ഈ മനുഷ്യർ​

കിഴക്കമ്പലം: 10 വർഷമായി തകർന്നുകിടക്കുന്ന റോഡിന്‍റെ ടാറിങ്ങിനായുള്ള കാത്തിരിപ്പ് നീളുന്നു. റോഡ് നിർമാണത്തിനുവേണ്ടി രൂപവത്​കരിച്ച വാട്സ്​ ആപ് കൂട്ടായ്​മയുടെ നേതൃത്വത്തിൽ ഹൈകോടതിയിൽ സമർപ്പിച്ച ഹരജി തിങ്കളാഴ്ച​ വീണ്ടും പരിഗണിക്കും. തകർന്ന റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർഥികളുടെ ദുരിതം ചൂണ്ടിക്കാണിച്ച് ഞാറള്ളൂർ ബേത്​ലഹേം ഹൈസ്കൂൾ മാനേജ്മൻെറും ഹരജി സമർപ്പിച്ചിട്ടുണ്ട്. രണ്ട് ഹരജിയും ഒരുമിച്ചാണ് കോടതി പരിഗണിക്കുന്നത്. 32 കോടി റോഡ് നിർമാണത്തിനായി അനുവദിച്ചിട്ടും നിർമാണം പൂർത്തിയാക്കാത്തത്​ എന്തെന്ന് ജസ്റ്റിസ് വി.ജി. അരുൺ ചോദിച്ചിരുന്നു. റോഡ് നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്നും ഉത്തരവിട്ടിരുന്നു. സമര സമിതി ഭാരവാഹികൾ പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് ഫോൺ വിളിച്ച് ശോച്യാവസ്ഥ പറഞ്ഞെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. എം.എൽ.എയോട്​ പരാതി പറഞ്ഞിട്ടും സമാന സ്ഥിതിയാണ്​. ഭരണപക്ഷ എം.എൽ.എയായിട്ടും നടപടി വൈകുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്. കിഴക്കമ്പലം-പട്ടിമറ്റം റോഡിനു സമീപത്തായി ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന രണ്ട് സ്കൂളുണ്ട്. സ്കൂൾ തുറന്നതോടെ വിദ്യാർഥികളുടെ ദുരിതം ഇരട്ടിയായി. വലിയ അപകടങ്ങൾക്ക് മുമ്പ് വലിയ കുഴികളെങ്കിലും അടക്കണമെന്നാണ് നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം. അപകടത്തിൽപെടുന്ന ബൈക്ക് യാത്രികരുടെ എണ്ണം ദിനം പ്രതി ഏറിവരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പട്ടിമറ്റം-നെല്ലാട് റോഡിന്റെ അറ്റകുറ്റപ്പണി പാതിവഴിയിൽ കരാറുകാരൻ നിർത്തിവെച്ചിരിക്കുകയാണ്. പലയിടത്തും കുഴികൾ അടച്ചിട്ടില്ല. ഇത്ര വർഷമായിട്ടും റോഡിലെ കുഴികൾ മൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ഏറുകയാണ്. പടം. കിഴക്കമ്പലം - നെല്ലാട്​ റോഡ്. (em palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.