ടാറിട്ട ഭാഗത്ത് കുഴികൾ രൂപപ്പെട്ടു; നാട്ടുകാർ നിർമാണം തടഞ്ഞു

കൂത്താട്ടുകുളം: നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കൂത്താട്ടുകുളം-പാലാ-രാമപുരം റോഡിൽ മാരുതി ജങ്ഷന് സമീപം നിർമാണം നാട്ടുകാർ തടഞ്ഞു. രാമപുരം കവല മുതൽ ബി.എം ബി.സി നിലവാരത്തിൽ നിർമിക്കുന്ന റോഡിന്റെ ബി.എം ലെയർ ജോലികൾ മംഗലത്ത് താഴം കവലക്ക്​ സമീപംവരെ പൂർത്തിയായിരുന്നു. എന്നാൽ, പലഭാഗത്തും ടാർ ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പൊതുജനങ്ങളുടെ പരാതി നിലനിൽക്കെ കുഴിമൂടാൻ തൊഴിലാളികളെത്തി. തുടർന്ന് നാട്ടുകാർ ജോലികൾ തടസ്സപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നഗരസഭ ചെയർപേഴ്സനും ജനപ്രതിനിധികളും ഇടപെട്ട് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. കുഴി രൂപപ്പെട്ട ഭാഗം പൂർണമായും പുനർനിർമിക്കാമെന്നും ടൈൽ വിരിച്ചിരിക്കുന്ന ഭാഗകൾ പുനർക്രമീകരിക്കാമെന്നും ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ നിർമാണം പുനരാരംഭിച്ചു. ബി.എം നിർമാണം പൂർത്തിയായി 24 മണിക്കൂറിനുള്ളിൽ ബി.സിയും പൂർത്തീകരിക്കണം. ഇത്തരത്തിൽ യഥാസമയം നടക്കാത്തതാണ് റോഡ് തകരാനുള്ള കാരണം. ആദ്യ ലെയർ പൂർത്തീകരിച്ചിട്ട്‌ മാസങ്ങൾ കഴിഞ്ഞിട്ടും രണ്ടാം ലെയർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. കരാറുകാരന്റെ അനാസ്ഥയാണ് നിർമാണം വൈകാൻ കാരണമെന്നും ഇതിന്റെ മുഴുവൻ ഉത്തരവാദിത്തം കരാറുകാരന് മാത്രമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, കൗൺസിലർ ബോബൻ വർഗീസ്, എ.കെ. ദേവദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.