കോതമംഗലം: കുട്ടമ്പുഴയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ശനിയാഴ്ച രാത്രി കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയില്‍ സന്തോഷിനെയാണ് കാട്ടാന ചവിട്ടി കൊന്നത്. കുളിക്കാനായി തോട്ടിലേക്ക് പോയ സന്തോഷിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിവിടം. ഫെന്‍സിങ് സംവിധാനവും പ്രദേശത്തില്ല. പലപ്പോഴും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ വിതയ്ക്കാറുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിന് പരാതി നല്‍കിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. സന്തോഷിന്റെ മരണത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു. 2017 ഫെബ്രുവരിയിൽ കുട്ടമ്പുഴ, പൂയംകുട്ടി ജോണി വെങ്ങൂരാനെ ആന ചവിട്ടിക്കൊന്നപ്പോൾ വനംവകുപ്പ് പറഞ്ഞ വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിക്കപ്പെട്ടില്ല. 13 കിലോമീറ്റർ ചുറ്റളവിൽ ട്രെഞ്ച് താഴ്ത്തി തരാമെന്ന് മലയാറ്റൂർ ഡി.എഫ്.ഒയുടെ നിർദേശ പ്രകാരം കുട്ടമ്പുഴ റേഞ്ച് ഓഫിസർ രേഖാ മൂലം ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. സ്ഥലം സന്ദര്‍ശിച്ച ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്, ആന്റണി ജോണ്‍ എം.എല്‍.എ എന്നിവർ വനം വകുപ്പ് മന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. സന്തോഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും പ്രശ്‌നം പരിഹരിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി എം.പി പറഞ്ഞു. രാത്രി പെട്രോളിങ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ആവശ്യമുള്ളിടങ്ങളില്‍ ഫെന്‍സിങ് ഏര്‍പ്പെടുത്തുമെന്നും സ്ഥലത്ത് എത്തിയ മൂന്നാർ ഡി.എഫ്.ഒ രാജു കെ. ഫ്രാൻസിസും പറഞ്ഞു. മരിച്ച സന്തോഷിന്റെ മകന് താല്‍ക്കാലിക വാച്ചര്‍ ജോലി നല്‍കുമെന്നും ട്രഞ്ച് നിര്‍മിക്കാന്‍ ഉടന്‍ ശ്രമം ഉണ്ടാകുമെന്നും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റിയത്. എന്നാല്‍, മന്ത്രിയുടെ വാഗ്ദാനങ്ങള്‍ വിശ്വാസത്തിലെടുക്കാതെ ജനങ്ങള്‍ ആംബുലന്‍സ് തടയുകയായിരുന്നു. ഇതോടെ പൊലീസ് ബലം പ്രയോഗിച്ചാണ് ആംബുലന്‍സും വനംവകുപ്പിന്റെ വാഹനവും പുറത്ത് കടത്തിയത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. EK KMGM Police കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സന്തോഷിന്റെ മൃതദേഹം മാറ്റുന്നതിനിടയിൽ പൊലീസുമായുണ്ടായ സംഘർഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.