അ​പ്രസക്​തരായി പി.സി. ജോർജും കെ.വി. തോമസും

കൊച്ചി: വർഗീയ പ്രസ്താവനകളും വിദ്വേഷ പ്രചാരണവുമായി രംഗത്തിറങ്ങിയ പി.സി. ജോർജിനെയും കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സി.പി.എമ്മുമായി ​കൈകോർത്ത കെ.വി. തോമസിനെയും ജനങ്ങൾ അവഗണിച്ച്​ തള്ളുന്ന ഫലം കൂടിയായി തൃക്കാക്കര. യഥാക്രമം ബി.ജെ.പിയും സി.പി.എമ്മും ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ഇരുവർക്കും വോട്ടർമാർ ഒരു വിലയും കൽപിച്ചില്ലെന്നാണ്​ തെരഞ്ഞെടുപ്പ്​ ഫലം നൽകുന്ന സൂചന. കെ.വി. തോമസി​നെയിറക്കി പയറ്റിയ തന്ത്രങ്ങ​ളൊന്നും മണ്ഡലത്തിൽ വിലപ്പോയില്ലെന്നാണ്​ ഇടത്​ കേന്ദ്രങ്ങൾതന്നെ വിലയിരുത്തുന്നത്​. വികസനമാണ്​ തൃക്കാക്കരക്ക്​ വേണ്ടതെന്നും അവിടത്തെ ജനങ്ങൾ കോൺഗ്രസിനെ തള്ളി വികസനത്തിനും എൽ.ഡി.എഫിനും ഒപ്പം നിൽക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം. എന്നാൽ, ജനങ്ങൾ 'കൈ'വിട്ട തോമസിന്‍റെ വാക്കുകേട്ട്​ തൃക്കാക്കരയെ 'കൈ'വിടാൻ തയാറായില്ല. വോട്ടെണ്ണലിൽ യു.ഡി.എഫ്​ അനുകൂല തരംഗം പ്രകടമായതിന്​ പിന്നാലെ തോമസിന്‍റെ ഫേസ്​ബുക്ക്​ പേജും അപ്രത്യക്ഷമായെങ്കിലും വൈകീട്ടോടെ തിരികെവന്നു. വിജയിച്ച ഉമ തോമസിനെയും അതിന്​ വേണ്ടി പ്രവർത്തിച്ച നേതാക്കളെയും അനുമോദിക്കുകയും ചെയ്ത അദ്ദേഹം, എന്തുകൊണ്ട്​ എൽ.ഡി.എഫ്​ സ്ഥാനാർഥി തോറ്റെന്ന്​ പരിശോധിക്കണമെന്നും മാധ്യമങ്ങളോട്​ പറഞ്ഞു. തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ സ്വാഭാവിക പ്രതി​ഷേധങ്ങളായി മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ പി.സി. ജോർജിനെ വീരപരിവേഷത്തോടെയാണ്​ ബി.ജെ.പി അവതരിപ്പിച്ചത്​. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിറക്കിയിരുന്നു. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ്​ നൽകിയിരുന്നെങ്കിലും അത്​ അവഗണിച്ചാണ്​ തൃക്കാക്കരയിലെത്തിയത്​. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളൊക്കെയും ജോർജിന്​ വേണ്ടി രംഗത്തിറങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പിണറായി വിജയന്‍റെ രാഷ്ട്രീയ നാടകമാണ് അറസ്റ്റ് എന്നുവരെ ആരോപണമുന്നയിച്ചു. വി.ഡി. സതീശനെതിരെയും കോൺ​ഗ്രസിനെതിരെയും രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. 2011നെക്കാൾ 2526 വോട്ടിന്‍റെ കുറവാണ്​​ ബി.​ജെ.പി സംസ്ഥാന നേതാവായ എ.എൻ. രാധാകൃഷ്ണന്​ ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.