തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾ: വീതംവെക്കൽ തലവേദനയാകുന്നു

ആലുവ: തദ്ദേശ തെരഞ്ഞടുപ്പ് വിജയത്തിന് പിന്നാലെ മുന്നണികളിൽ അധികാര സ്ഥാനങ്ങൾക്കായി വീതം വെക്കൽ തലവേദനയാകുന്നു. ആലുവ മേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾ തൂത്ത് വാരിയ യു.ഡി.എഫിലാണ് തർക്കങ്ങൾ രൂക്ഷം. അധ്യക്ഷൻ, ഉപാധ്യക്ഷൻ സ്ഥാനങ്ങളിലേക്കും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്കുമാണ് അർഹരായവരെ തീരുമാനിക്കേണ്ടത്.

ഇതിൽ ഒന്നിൽ കൂടുതൽ പേരുകളാണ് ഓരോ സ്ഥലത്തും ഉയർന്ന് വന്നിരിക്കുന്നത്. പാർട്ടി ഗ്രൂപ്പ് മുതൽ ജാതി - മത വിഭാഗങ്ങളുടെ പേരിൽ വരെ അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ട്. ആലുവ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരടക്കമുള്ളവരെ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ഓരോ തദ്ദേശ സ്ഥാപനവും പ്രത്യേകം ചർച്ച ചെയ്തായിരിക്കും തീരുമാനിക്കുക.

ആലുവ നഗരസഭയിൽ നിലവിലെ വൈസ് ചെയർപേഴ്സ‌ൺ സൈജി ജോളിക്കാണ് ചെയർപേസൺ സ്ഥാനത്തേക്ക് മുൻഗണന. മുതിർന്ന കൗൺസിലിറുമാണ് സൈജി. ഇത്തവണത്തേത് ഉൾപ്പെടെ നാല് തവണയാണ് സൈജി മത്സരിച്ചത്. ഇതിൽ മൂന്നുവട്ടം വിജയിച്ചു. ഇതിനിടയിൽ ലിസാ ജോൺസൺ, സാനിയ എന്നിവരുടെ പേരുകളും ചിലർ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പറയുന്നുണ്ട്.

വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മുതിർന്ന കൗൺസിലറും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറുമായ ഫാസിൽ ഹുസൈന്‍റെ പേരാണ് പരിഗണനയിലുള്ളത്. വികസനം, ആരോഗ്യം, വിദ്യാഭ്യാസം സ്ഥിരം സമിതികൾ വനിത സംവരണമാണ്. ലിസ ജോൺസൺ, ലളിത ഗണേശൻ, സാനിയ തോമസ് എന്നിവർക്കാണ് ഇതിൽ പരിഗണന ലഭിക്കുക.

ചൂർണിക്കരയിൽ നസീറിന് സാധ്യത

ചൂർണിക്കര: യു.ഡി.എഫിന് ഭരണ തുടർച്ച ലഭിച്ച ചൂർണിക്കര പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് കോൺഗ്രസിലെ മുതിർന്ന നേതാവായ നസീർ ചൂർണിക്കരക്കാണ് സാധ്യത. മികച്ച ജയത്തോടെയാണ് യു.ഡി.എഫ് പഞ്ചായത്തിൽ ഭരണം നിലനിർത്തിയത്. യു.ഡി.എഫിന് 13 സീറ്റും എൽ.ഡി.എഫിന് എട്ട് സീറ്റുമാണ് പഞ്ചായത്തിലുള്ളത്. നിലവിലെ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീല ജോസിനെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

കീഴ്‌മാട് മൂന്നുപേർ

കീഴ്മാട്: കീഴ്മാട് പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് മൂന്ന് പേർ പരിഗണനയിൽ. സമീർ സൈദാലി, നിലവിലെ പ്രതിപക്ഷ നേതാവും മുൻ വൈസ് പ്രസിഡന്റുമായ സാജു മത്തായി, മുതിർന്ന അംഗവും രണ്ടു തവണ പഞ്ചായത്ത് പ്രസിഡൻറുമായ ലൈസ സെബാസ്റ്റ്യൻ എന്നിവരാണ് പരിഗണനയിലുള്ളത്.

കടുങ്ങല്ലൂരിൽ ഗീതയും ഷാനവാസും

കടുങ്ങല്ലൂർ: വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ഭരണ തുടർച്ച നേടിയ കടുങ്ങല്ലൂർ പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം വനിത സംവരണമാണ്. മുൻപരിചയത്തിന്‍റെ അടിസ്ഥാനത്തിൽ പത്താം വാർഡിൽനിന്നു വിജയിച്ച ഗീത സലീം കുമാറിനാണ് സാധ്യത.

ഒരു ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ വിജയിച്ച് ഇവർ രണ്ടു തവണ പഞ്ചായത്ത് അംഗമായിട്ടുണ്ട്. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം വി.കെ. ഷാനവാസ് മാത്രമാണ് പരിഗണനയിലുള്ളത്. 

Tags:    
News Summary - Local government posts: Distribution becomes a headache

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.