കോതമംഗലം: നിറഞ്ഞ ചിരിയും ചടുലതയും അതായിരുന്നു പ്രഫ. ഇ.എം. പൗലോസിന്റെ മുഖമുദ്ര. ആരെയും തന്നിലേക്ക് അടുപ്പിക്കുന്ന കാന്തശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. ആറരപ്പതിറ്റാണ്ടോളം സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തിയാണ് അദ്ദേഹം ജീവിതത്തിൽനിന്ന് വിടവാങ്ങുന്നത്. എം.എ കോളജിൽ ചരിത്ര വിഭാഗം തലവനായും പിന്നീട് പ്രിൻസിപ്പലായും പ്രവർത്തിക്കുമ്പോഴും ഒരിക്കലും അധ്യാപനത്തിൽ ഒതുങ്ങിനിന്നില്ല. വൈ.എം.സി.എ, വൈസ്‌മെൻ ഇന്റർനാഷനൽ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രധാന പദവികളിലിരുന്ന് പാവപ്പെട്ടവർക്കുള്ള ഭവനനിർമാണം അടക്കം ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ബസ്സ്റ്റാൻഡുകളിൽ ചാരുബെഞ്ചുകൾ നിർമിച്ച് യാത്രികർക്ക് വിശ്രമിക്കാനിടം നൽകി. സാന്ത്വനം സ്പെഷൽ സ്കൂളിന്റെ സ്ഥാപക വൈസ് പ്രസിഡന്റായ അദ്ദേഹം അവസാന നാളുകൾ വരെ അതിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധവെച്ചു. സഹായം തേടിയെത്തുന്നവർക്കു മുന്നിൽ ഏതുനേരവും ഇരുമലപ്പടിയിലെ 'ഇരുമല' വീടിന്റെ വാതിലുകൾ തുറന്നുകിടന്നു. ഉന്നത വിദ്യാഭ്യാസത്തിനായാലും വിദഗ്ധ ചികിത്സക്കായാലും പൗലോസ് സാറിന്റെ കത്ത് കൈയിലുണ്ടെങ്കിൽ സാധാരണക്കാർക്ക് അതൊരു ധൈര്യവും ആശ്വാസവുമായിരുന്നു. അതിവിപുലമായ ശിഷ്യസമ്പത്തും പരിചയക്കാരുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് അസാധ്യമായ കാര്യങ്ങൾ നടത്തിക്കൊടുക്കാനുള്ള കരുത്തുണ്ടായിരുന്നു. കിറ്റെക്സ് ഗാർമെന്റ്സിന്റെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. അന്ന കിറ്റെക്സ് ഗ്രൂപ് സ്ഥാപകൻ പരേതനായ എം.സി. ജേക്കബ് സഹോദരീഭർത്താവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.