ജസ്റ്റിസ്​ വി. ഷേർസി ഇന്ന്​ പടിയിറങ്ങും

കൊച്ചി: ശ്രദ്ധേയമായ ഒട്ടേറെ വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ്​ വി. ഷേർസി കേരള ഹൈകോടതിയുടെ പടിയിറങ്ങുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ല ജഡ്​ജി ആയിരിക്കെ 2016 ഒക്ടോബർ അഞ്ചിന്​ ഹൈകോടതി ജഡ്​ജിയായി നിയമിതയായ ജസ്റ്റിസ്​ ഷെർസി ചൊവ്വാഴ്​ചയാണ്​ ന്യായാധിപ സ്ഥാനത്തുനിന്ന്​ വിരമിക്കുന്നത്​. ഇതോടനുബന്ധിച്ച്​ ഒന്നാം കോടതിയിൽ ഫുൾകോർട്ട്​ റഫറൻസിലൂടെ യാത്രയയപ്പ്​ നൽകി. തിരുവനന്തപുരം കടയ്​ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി വനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണത്തിന്​ ഉത്തരവിട്ട്​ സത്യാവസ്ഥ പുറത്ത്​ കൊണ്ടുവന്നത്​​ ജസ്റ്റിസ്​ വി. ഷേർസിയാണ്​. മാതൃത്വത്തെ മറന്ന കേസാണിതെന്നായിരുന്നു അമ്മക്ക്​ ജാമ്യം അനുവദിച്ച്​ കോടതി പരാമർശിച്ചത്​. മു​ട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക്​ ജാമ്യം നിഷേധിച്ചത്​ അ​ന്ന്​ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭാര്യയെയും ഭാര്യാപിതാവിനെയുമടക്കം മർദിച്ച യുവ ഡോക്ടറും ബന്ധുക്കളും നൽകിയ ജാമ്യ ഹരജി തള്ളി ഭർതൃവീടുകൾ സ്​ത്രീകൾക്ക്​ അപകടകരമായ വാസസ്ഥലമായി മാറിയെന്ന നിരീക്ഷണം ജസ്റ്റിസ്​ ഷേർസി നടത്തി. ഗുരുവായൂർ ദേവസ്വം ഫണ്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറുന്നത് നിയമവിരുദ്ധമാണെന്ന്​ ഉത്തരവ്​ പുറപ്പെടുവിച്ച വനിത ജഡ്​ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ചിന്‍റെ ഭാഗമായിരുന്നു. തിരുവനന്തപുരത്ത്​ ജില്ല ജഡ്‌ജിയായിരിക്കെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അഡ്‌മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർപേഴ്‌സണായിരുന്നു. ജസ്റ്റിസ്​ ഷേർസി പടിയിറങ്ങുന്നതോടെ ഹൈകോടതിയിലെ വനിത ജഡ്​ജിമാരുടെ എണ്ണം ആറായി കുറയും. സാധാരണക്കാരന് നീതിപീഠത്തിലുള്ള വിശ്വാസം തകർക്കാൻ ആരെയും അനുവദിക്കരുതെന്ന് യാത്രയയപ്പിന്​ മറുപടിയായി ജസ്റ്റിസ് ഷെർസി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ട. പ്രഫസർ ഡോ. പി.കെ. ബാലചന്ദ്രനാണ് ഭർത്താവ്. മകൾ നമിത നീതു ബാലചന്ദ്രൻ അഭിഭാഷകയാണ്. ചീഫ് ജസ്റ്റിസിന്റെ അഭാവത്തിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഫുൾകോർട്ട് റഫറൻസിൽ അധ്യക്ഷത വഹിച്ചു. ചിത്രം -ekg justice shercy ചൊവ്വാഴ്​ച വിരമിക്കുന്ന ഹൈകോടതി ജഡ്​ജി ജസ്റ്റിസ്​ വി. ഷേർസി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.