ഗൃഹനാഥൻ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ ഭീഷണിയെന്ന്​ ഭാര്യയുടെ മൊഴി

കായംകുളം: പലിശക്കാരിൽനിന്ന് അനുഭവിക്കേണ്ടി വന്ന മാനസികസമ്മർദമാണ് എരുവയിലെ ഗൃഹനാഥന്‍റെ ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. എരുവ ഉണ്ണിയേഴത്ത് നാരായണന്‍റെ (ബാബു -60) മരണവുമായി ബന്ധപ്പെട്ട് ഭാര്യ ഓമനയാണ് ഇതുസംബന്ധിച്ച മൊഴി നൽകിയത്. ഏഴുലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാതിരുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നതായാണ് മൊഴി. കഴിഞ്ഞയാഴ്ച പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് മുതൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവത്രെ. പിന്നാലെ വൈദ്യുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ഓഫിസിൽ പ്രശ്നങ്ങളുണ്ടായതിലും ദുഃഖിതനായിരുന്നു. വിഷയത്തിൽ വൈദ്യുതി ഓഫിസിലെത്തി ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് സി.പി.എം നേതാവിനെതിരെ പാർട്ടിതലത്തിൽ നടപടി എടുത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന പ്രചാരണം യാഥാർഥ്യവുമായി ബന്ധമില്ലെന്ന സൂചനയും പുറത്തുവന്നു. കോൺഗ്രസ് നോർത്ത് മണ്ഡലം 76ാം നമ്പർ ബൂത്ത് പ്രസിഡന്‍റായിരുന്നു ബാബു. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഹരികുമാറിനെയാണ് ഒരുവർഷത്തേക്ക് സി.പി.എമ്മിൽനിന്ന് പുറത്താക്കിയത്. വൈദ്യുതി ഓഫിസിലെ സംഭവവുമായി ആത്മഹത്യക്ക് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. പലിശക്കാരുടെ സമ്മർദം സംബന്ധിച്ച് ഹരികുമാറിന് എഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. 1,90,000 രൂപയുടെ ഇടപാടാണ് ഇതിൽ സൂചിപ്പിക്കുന്നത്. ബാബുവിന്‍റെ വീട്ടിലെ വൈദ്യുതി കുടിശ്ശികയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹരികുമാർ ഇടപെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യ അമ്പിളി വാർഡിലെ കൗൺസിലറാണ്. കൗൺസിലർക്ക് മുന്നിലെത്തിയ വിഷയം എന്ന നിലയിലായിരുന്നു ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് ഫോണിൽ ജീവനക്കാരുമായി മുഷിഞ്ഞതിന് പിന്നാലെ ഭീമമായ കുടിശ്ശികയുണ്ടായിരുന്ന ഹരികുമാറിന്‍റെ വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതേച്ചൊല്ലി ഓഫിസിലെത്തിയുണ്ടായ തർക്കത്തിനിടെ സി.ഐ.ടി.യു യൂനിറ്റ് സെക്രട്ടറിയായ ഷാജി ചാങ്ങയിലിനോട് 'എസ്.ഡി.പി.​ഐയിൽ' ചേരാൻ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വൈറലായതോടെയാണ് ഹരികുമാറിനെതിരെ നടപടിക്ക് നിർബന്ധിതരായത്. ബാബുവിന്‍റെ വിഷയത്തിൽ ഇടപെട്ടതാണ് പുറത്താക്കാൻ കാരണമെന്നതായിരുന്നു ഹരികുമാറിന്‍റെ പ്രചാരണം. ഓഫിസിൽ തർക്കം നടക്കുമ്പോൾ ബാബുവും അവിടെയുണ്ടായിരുന്നു. 18നായിരുന്നു സംഭവം. അന്നുതന്നെ വീട്ടിലെ വൈദ്യുതി ബില്ലും 20ന് കടയിലെ ബില്ലും ഇദ്ദേഹം അടച്ചിരുന്നു. രേഖാമൂലമുള്ള പരാതി ലഭിച്ചാൽ ആത്മഹത്യയെ സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ ഭാഗത്തുനിന്ന്​ അരുതാത്ത പ്രയോഗങ്ങളുണ്ടായതാണ് ഹരികുമാറിനെതിരെ നടപടിക്ക് കാരണമായതെന്ന് ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു. വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.