കൊച്ചി: ഇടക്കിടെ കോരിച്ചൊരിഞ്ഞ മഴയിലും ആവേശം ചോരാതെ നിറയൗവനം ഒത്തുചേർന്നപ്പോൾ അത് ചരിത്രത്തിന്‍റെ പുനരാവർത്തനമായി. രണ്ടുദിവസമായി എറണാകുളത്ത് നടന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനം, പുതുകാല വെല്ലുവിളികളെ എല്ലുറപ്പോടെ നേരിടാൻ ആഗ്രഹിക്കുന്ന യുവജന പ്രസ്ഥാനത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും സ്തംഭിച്ച് നിൽക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ കഴിഞ്ഞു. കാറ്റും കാർമേഘവും നിറഞ്ഞ കാലത്ത്, ഭരണകൂടവും അതിന്റെ ഉപകരണങ്ങളും വംശീയഹത്യക്കുതന്നെ കോപ്പുകൂട്ടുന്ന സന്ദർഭത്തിൽ പ്രത്യേകിച്ചും. സമ്മേളനം നടക്കുമോ എന്നുപോലും സംശയിച്ച സന്ദർഭത്തിൽ, ഇടിയും മിന്നലും ആലിപ്പഴ വർഷവും അനുഭവിച്ച് ആസ്വദിച്ച പാലക്കാട് നടന്ന ആദ്യ സംസ്ഥാന സമ്മേളനത്തിന്‍റെ ഓർമയിൽ ഇതും ഒരവസരമായാണ് സോളിഡാരിറ്റി പ്രവർത്തകർ കണ്ടത്. പാലക്കാട്ടെ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് ഇതൊരു ആഗ്രഹവുമായിരുന്നുവെന്നു വേണം പറയാൻ. മാറിമാറി വന്ന വേനലും മഴയും പ്രതികൂല കാലാവസ്ഥയെ സമ്മേളനത്തിന്‍റെ സുന്ദരതാളമായി മാറ്റിയെടുക്കാൻ പ്രവർത്തകർക്ക് കഴിഞ്ഞു. രണ്ടു ദിവസത്തെ വിവിധ സെഷനുകളിലായി നിശ്ചയിച്ച എല്ലാ പരിപാടികളും യഥാസമയം തന്നെ പൂർത്തിയാക്കാനായി. സമ്മേളനം വിജയകരമാക്കാൻ സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ കാണിച്ച ഈ ആവേശവും ആത്മവിശ്വാസവും ഇച്ഛാശക്തിയും രാജ്യത്ത് അരക്ഷിതാവസ്ഥ നേരിടുന്ന മുഴുവൻ ജനവിഭാഗത്തിനും നൽകുന്ന പ്രതീക്ഷ വളരെയേറെയാണ്. സമ്മേളനത്തിന്‍റെ രണ്ടാം ദിനം രാവിലെ പഠന സെഷനുകളാണ് നടന്നത്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എ. നൗഷാദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗങ്ങളായ ഡോ. ആർ. യൂസഫ്, സി. ദാവൂദ്, ടി. മുഹമ്മദ് വേളം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കിം നദ്വി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പ്രതിനിധി സമ്മേളന സമാപനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് ശൂറ അംഗം ഡോ. അബ്ദുസലാം അഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസി. അമീർ പി. മുജീബ്റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള സമാപന പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.