ആലങ്ങാട് പഞ്ചായത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കൊച്ചി: ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളി മുതൽ ആലങ്ങാട് സബ് രജിസ്​ട്രാർ ഓഫിസുവരെ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓടയും കലുങ്കും നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്സി. എൻജിനീയർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്​ നിർദേശം നൽകിയത്. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എൻജിനീയറിൽനിന്ന്​ കമീഷൻ റിപ്പോർട്ട് വാങ്ങി. 2020-21 സാമ്പത്തിക വർഷം നിയോജക മണ്ഡലം ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 36.40 ലക്ഷത്തിന്‍റെ പദ്ധതിക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കരാറും നൽകി. നിർമാണം ആരംഭിക്കും മുമ്പ് പൈപ്പുകളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കുന്നതിന് ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും സംയുക്ത പരിശോധന നടത്തി. കൊങ്ങോർപ്പിള്ളി ജങ്​ഷനിൽ റോഡിന് കുറുകെ നിർമിക്കാൻ നിർദേശിച്ചിരുന്ന കാന പ്രായോഗികമാക്കാൻ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളും കേബിളുകളും തടസ്സം സൃഷ്ടിക്കുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ കലുങ്കിനുവേണ്ടി റോഡ് മുറിക്കുന്നത് കൂടുതൽ കേടുപാടുണ്ടാക്കാൻ സാധ്യതയുണ്ട്. മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ വെള്ളക്കെട്ട് ഒഴിവാക്കാൻ നപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.