മാർക്കറ്റ് റോഡിലെ വെള്ളക്കെട്ട്; ബസ് സ്റ്റാൻഡിലെ കാന ശുചീകരിക്കും

ആലുവ: മാർക്കറ്റ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ​ ബസ് സ്റ്റാൻഡിലെ കാന അടിയന്തരമായി ശുചീകരിക്കാൻ തീരുമാനം. നഗരസഭ വിളിച്ച ഉദ്യോഗസ്ഥരുടെയും വ്യാപാരി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. കാനയുടെ മുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശനിയും ഞായറും ​തുടർച്ചയായി പെയ്ത മഴയിൽ മാർക്കറ്റ് റോഡ് പൂർണമായും വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. ബസ്​സ്റ്റാൻഡിന്​ മുൻവശത്തുനിന്ന് അൻവർ ആശുപത്രിയിലേക്കുള്ള റോഡും വെള്ളക്കെട്ടിലായി. ഇതേ തുടർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. പല ഭാഗത്തും വീടുകളിലും വെള്ളം കയറി. കാലങ്ങളായി തുടരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ മാർക്കറ്റ് റോഡിലെ കാന കുറച്ചുനാൾ മുമ്പ്​ പുതുക്കിപ്പണിതിരുന്നു. എന്നാൽ, അതിന് ശേഷം മുമ്പത്തേക്കാൾ കൂടുതൽ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ഈ കാനകളിലെ വെള്ളമെല്ലാം പെരിയാറിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്ന, സ്റ്റാൻഡിന് അകത്തുകൂടെ പോകുന്ന വലിയ കാന മാലിന്യം നിറഞ്ഞുകിടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. കാന ശുചീകരിക്കുമ്പോൾ കൈയേറ്റം ഒഴിപ്പിക്കേണ്ടി വരുമെന്നതിനാലാണ് ശുചീകരണമെല്ലാം അട്ടിമറിക്കപ്പെട്ടത്. പ്രളയം കഴിഞ്ഞ സമയത്തും ഇത്തരത്തിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായിരുന്നു. അന്നും ഈ കാന തന്നെയാണ് വില്ലനായത്. ഇതേ തുടർന്ന് വ്യാപാരികളുടെ പ്രതിഷേധം ശക്തമായതോടെ കാന ശുചീകരിച്ചിരുന്നു. അന്ന്, ബസ്​സ്റ്റാൻഡിനകത്തെ ടയർ സർവിസ് കേന്ദ്രങ്ങളിൽനിന്ന് ഒഴിവാക്കിയ വലിയ ടയറുകളടക്കമാണ് കാനയിൽനിന്ന് കണ്ടെത്തിയത്. കാനയിൽ ഒഴുക്ക് തടസ്സപ്പെടാനുള്ള പ്രധാന കാരണവും അതായിരുന്നു. ഇത്തവണയും അത്തരം തടസ്സങ്ങളുണ്ടാകുമെന്ന് ആരോപണമുണ്ട്. പ്രതിഷേധം ശക്തമായതോടെയാണ് അടുത്ത ദിവസം തന്നെ കാന ശുചീകരിക്കാനും കൈയേറ്റം ഒഴിപ്പിക്കാനും അടിയന്തര യോഗം തീരുമാനിച്ചത്. യോഗത്തിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൻ സൈജി ജോളി, സ്ഥിരംസമിതി അംഗങ്ങളായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, എം.പി. സൈമൺ, മിനി ബൈജു, കൗൺസിലർമാരായ കെ.വി. സരള, കെ. ജയകുമാർ, പി.പി. ജയിൻസ്, സെക്രട്ടറി മുഹമ്മദ് ഷാഫി, മർച്ചന്‍റ്​സ് അസോസിയേഷൻ ഭാരവാഹികളായ നസീർ ബാബു, ജോണി മൂത്തേടൻ, കെ.സി. ബാബു തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.