കോഫി ബോർഡിലെ സാമ്പത്തിക ക്രമക്കേട്​: തടവുശിക്ഷ ഒഴിവാക്കി

കൊച്ചി: കേരള കോഫി ബോർഡിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഉദ്യോഗസ്ഥരായ അഞ്ചു പ്രതികൾ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതിയുടെ കണ്ടെത്തൽ ശരിവെച്ച ഹൈകോടതി ഇവർക്ക് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ ഒഴിവാക്കി. കോഫി ബോർഡിലെ ഉദ്യോഗസ്ഥരായിരുന്ന ഇടുക്കി സ്വദേശികളായ എൻ. ചന്ദ്രശേഖരൻ നായർ, പി.ജെ. ജോസ്, കോട്ടയം മേലുകാവ് സ്വദേശികളായ വി.ഐ. ബഞ്ചമിൻ, മുഹമ്മദ് ഷെരീഫ്, കൽപറ്റ സ്വദേശി ടി.ജെ. ജോൺ എന്നിവരുടെ തടവുശിക്ഷയാണ് ജസ്റ്റിസ് സുനിൽ തോമസ് ഒഴിവാക്കിയത്. ഇവർക്കെതിരെ ചുമത്തിയ ഓരോ കുറ്റത്തിനും 3,000 രൂപ വീതം പിഴയൊടുക്കാനാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. പ്രതികൾ പിഴയടച്ചില്ലെങ്കിൽ 15 ദിവസം തടവനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. വ്യാജരേഖ ചമയ്ക്കൽ, അക്കൗണ്ടിൽ കൃത്രിമം കാട്ടൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളുമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. 1985-86 കാലഘട്ടത്തിൽ കോഫി ബോർഡിന്റെ തൊടുപുഴ കോഫി പൂൾ ഡിപ്പോയിൽ ജോലി ചെയ്തിരുന്ന പ്രതികൾ പല കേസുകളിലായി 4.74 ലക്ഷത്തോളം രൂപയുടെ ക്രമക്കേട്​ കാട്ടിയെന്നാണ് കേസ്. സി.ബി.ഐ അന്വേഷണം നടത്തിയ കേസിൽ എറണാകുളം സി.ബി.ഐ കോടതി 2004 ലാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് തടവുശിക്ഷയും പിഴയും വിധിച്ചത്. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്. അപ്പീൽ നിലവിലിരിക്കെ ചന്ദ്രശേഖരൻ നായർ മരിച്ചു. തു‌ടർന്ന് മകൻ കക്ഷി ചേർന്നു കേസ് നടത്തുകയായിരുന്നു. പ്രതികൾക്ക് പ്രായമേറിയെന്നതും ഇത്രയും വർഷങ്ങളായി ഇവർ മാനസികാഘാതം അനുഭവിക്കുകയാണെന്നതും കണക്കിലെടുത്ത് ദയാപൂർണമായ നിലപാട്​ സ്വീകരിക്കുകയാണെന്നും പ്രതികൾ തടവുശിക്ഷ അനുഭവിക്കേണ്ടെന്നും ഹൈകോടതി വ്യക്തമാക്കി. തുടർന്നാണ് പിഴ ചുമത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.