സാധാരണ മരുന്ന് കുറിപ്പടി നൽകുന്നത് ഡോക്ടർമാരാണ്. ചിലപ്പോൾ കാപ്സ്യൂൾ ഒക്കെയുണ്ടാകും. ചെറുതാണ്, കഴിക്കുമ്പോൾ ഗുളികയെപ്പോലെ കയ്പ് അറിയില്ല എന്നതൊക്കെയാണ് ഇതിൻെറ മെച്ചം. കാലം മാറിയപ്പോൾ എല്ലാം മാറി. പണ്ടൊക്കെ പാർട്ടിക്കാർ മൈക്ക് കെട്ടി കവല പ്രസംഗം നടത്തിയാണ് രാഷ്ട്രീയ എതിരാളികൾക്ക് മറുപടി കൊടുത്തിരുന്നത്. രാഷ്ട്രീയ വിശദീകരണ േയാഗം എന്നൊക്കെ പറയും. അതുകേൾക്കാൻ നാട്ടിൻപുറങ്ങളിലൊക്കെ ആളുകൾ കൂടും. ഇപ്പോൾ പോരാട്ടം മുഴുവൻ സൈബർലോകത്താണ്. എതിരാളികളെ പഞ്ഞിക്കിടുന്നതും ആക്രമിക്കുന്നതും പ്രതിരോധിക്കുന്നതുമെല്ലാം സമൂഹ മാധ്യമങ്ങളിലാണ്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സ് ആപ്പും ഒക്കെയാണ് പുതിയ പോരിടങ്ങൾ. കനലൊരു തരി മതി എന്ന സിദ്ധാന്തമൊന്നും ഇവിടെ നടപ്പില്ല. ഒരു തരിയല്ല ഒരായിരം ലൈക്കുവേണം. ലൈക്കുകൾ കമന്‍റുകൾ െഷയറുകൾ എത്രകൂടുന്നുവോ അത്രയും ശക്തമാണ് പാർട്ടി എന്നർഥം. എല്ലാ പാർട്ടിക്കുമുണ്ട് സൈബർ ഗുണ്ടകൾ. എതിരാളി എന്തെങ്കിലും പറഞ്ഞാൽ കടന്നൽ കൂടിളകി വരുംപോലെ കൂട്ടമായെത്തും. പിന്നെ അറഞ്ചം പുറഞ്ചം കുത്താണ്. എതിരാളി പോസ്റ്റ് മുക്കി ഓടണം. ഐസിട്ട പഴങ്കഞ്ഞി പോലത്തെ സ്റ്റഡി ക്ലാസുകൾ കേൾക്കാനൊന്നും പണ്ടത്തെപോല ആർക്കും നേരവുമില്ല ക്ഷമയുമില്ല. അങ്ങനെയാണ് പാർട്ടിക്കാർ ന്യായീകരണ 'കാപ്സ്യൂൾ' നിർമാണം തുടങ്ങുന്നത്. ഫേസ് ബുക്കിൽ ഇടേണ്ട കമന്‍റുകള്‍ ക്യാപ്സൂള്‍ രൂപത്തിൽ പാര്‍ട്ടി തയാറാക്കി നല്‍കുമെന്നും ഒരുലോക്കൽ കമ്മിറ്റി 300 ഉം 400ഉം കമന്‍റുകൾ ഇടണമെന്നും 'പ്രകാശം പരത്തുന്ന' നേതാവ് പറഞ്ഞത് നാട്ടിൽ പാട്ടായത് കുറച്ച് കാലം മുമ്പാണ്. ന്യായീകരണ ക്യാപ്സൂൾ, ആക്രമണ ക്യാപ്സൂൾ, കുത്തിപ്പൊക്ക്, വെടക്കാക്കി തനിക്കാക്കൽ അങ്ങനെ പല വിധമുണ്ട്. പാർട്ടി കുറിച്ചു തരും അതു പറഞ്ഞപോലെ പോസ്റ്റ് ചെയ്യുക വേറെ ഒന്നും ആലോചിക്കേണ്ട. തെരഞ്ഞെടുപ്പാണ് ക്യാപ്സൂളുകളുടെ സുവർണകാലം. ഒന്നു വീതം ആറുനേരം വരെ കിട്ടും. സ്റ്റാറ്റസാക്കാനുള്ളത് പ്രത്യേകം കുപ്പിയിലാക്കിത്തരും. സ്ഥാനാർഥിയെ നിശ്ചയിച്ചാൽ പിന്നെ വാഴ്ത്തു പാട്ടുകളുമായി സൈബർ സംഘങ്ങൾ സജീവമാകും. സ്ഥാനാർഥിയെ നിശ്ചയിക്കുക എന്നതും ഒരു കടമ്പയാണ്. പലരീതിയിൽ സ്ഥാനാർഥികളെത്തും. മരുമക്കത്തായമൊക്കെ കുറ്റിയറ്റുപോയതുകൊണ്ട് മക്കത്തായമാണ് നടപ്പുരീതി. ഭർത്താവു മരിച്ചാൽ ഭാര്യ അല്ലെങ്കിൽ മകൻ അതാണ് മറ്റൊരു ആചാരം. ചിലർ മാനത്തുനിന്ന് പൊട്ടി വീഴും. ജാതി, മതം, സഭ ഒക്കെ ഗണിച്ചുനോക്കി വേണം സഥാനാർഥിയെ തീരുമാനിക്കാൻ. എല്ലാം നോക്കി വരുമ്പോൾ അടിയുറച്ച പാർട്ടിക്കാരനെ കിട്ടിയെന്നുംവരില്ല. ഒരു സുപ്രഭാതത്തിൽ സ്ഥാനാർഥിയായ ആൾക്ക് പാർട്ടിക്കാരെ പോലെ പ്രസംഗിക്കാനൊന്നും അറിയണമെന്നില്ലല്ലോ. അതിനുള്ള പരിഹാരം കൂടിയാണ് ക്യാപ്സൂൾ. എറണാകുളത്ത് അതിജീവിതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു പരിപാടി നടന്നു. സ്ഥാനാർഥി ചടങ്ങിലെത്തി വൈകാരികമായ പ്രസംഗവും നടത്തി. അപ്പോൾ തന്നെ എതിർപാർട്ടി അവരുടെ സ്ഥാനാർഥിയെ വിളിപ്പിച്ചു. സ്ഥാനാർഥിക്കാണേൽ ആകെ അങ്കലാപ്പ്. എന്താ പറയേണ്ടത്? നിഷ്കളങ്ക ഹൃദയത്തോടെ സ്ഥാനാർഥി ചോദിച്ചു. പാർട്ടിക്കാരൻ ഉടൻ പൊതി അഴിച്ച് ഒരു കാപ്സ്യൂൾ കൊടുത്തു. സ്ഥാനാർഥി സ്റ്റേജിൽ കയറി പറഞ്ഞു 'ഞാൻ അതിജീവിതക്കൊപ്പമാണ് ഒപ്പമാണ് ഒപ്പമാണ്' ശുഭം. പ്രസംഗം കഴിഞ്ഞു. സ്ഥാനാർഥി സ്റ്റാൻഡുവിട്ടു. സ്ഥാനാർഥിയുടെ വാക്കുകൾക്ക് കാതോർത്തിരുന്നവർ അന്തംവിട്ടു. എന്താ കാപ്സ്യൂളിൻെറ ഒരു പവറ്. ഹൈക്കു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.