കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് തോട്ടപ്പള്ളിൽ ഹാർബറിൽ വള്ളങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ നിലയിൽ

കാലാവസ്ഥ മുന്നറിയിപ്പ്; വള്ളങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

അമ്പലപ്പുഴ: സംസ്ഥാനതീരത്ത് തിങ്കളാഴ്ചവരെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ ജില്ലയുടെ തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിൽ വിലക്കേർപ്പെടുത്തി. തോട്ടപ്പള്ളി, അർത്തുങ്കൽ ഹാർബറുകളിലെയും മറ്റ് ചന്തക്കടവുകളിലെയും വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കും പുന്നപ്ര ചള്ളിതീരത്തെ വള്ളങ്ങൾ ഫിഷ് ലാൻഡ് സെന്ററിലേക്കും മാറ്റി. ശനിയാഴ്ച മുതൽ തിങ്കളാഴ്ചവരെ മണിക്കൂറിൽ 40 മുതൽ 50 കി.മീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലക്കും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുള്ളത്. എന്നാൽ ചില സ്ഥലങ്ങളിൽ കാറ്റിന്റെ വേഗത 60 കി.മീറ്റർ വരെ ഉണ്ടാകാനും ഇടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

തോട്ടപ്പള്ളി ഹാർബറിൽ നിന്നുമാത്രം നൂറുകണക്കിന് വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോകാറുള്ളത്. കടുത്തവേനലിൽ മീനിന്റെ ലഭ്യത കുറഞ്ഞതിനാൽ മാസങ്ങളായി തീരം വറുതിയുടെ പിടിയിലായിരുന്നു. ആയിരങ്ങൾ ഇന്ധച്ചെലവിനത്തിൽ മുടക്കി കടലിൽപോയി പലരും നിരാശയോടെയാണ് തീരത്തണഞ്ഞിരുന്നത്. ഇതിനിടെ കഴിഞ്ഞ രണ്ട് ദിവസമായുണ്ടായ വേനൽമഴയിൽ ചെറിയമത്തി ചാകരയുടെ പ്രതീക്ഷ തെളിഞ്ഞിരുന്നു. എന്നാൽ പൊടുന്നനെയുള്ള പ്രതികൂലകാലാവസ്ഥ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുന്നറിയിപ്പിനെ തുടർന്ന് തോട്ടപ്പള്ളി മുതൽ അർത്തുങ്കൽവരെ തീരത്തോട് അടുത്തിരുന്ന ചെറുവള്ളങ്ങളും പൊന്തുകളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പ്രധാന ബീച്ചുകളിലും പൊഴിമുഖത്തും കുളിച്ചുല്ലസിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കടക്കം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Weather warning; boats moved to safe locations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.