മട്ടമ്മേൽ കുടുംബത്തോടൊപ്പം വി.ഡി. സതീശൻ
വടുതല: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് മട്ടമ്മേൽ വീട്ടിൽ എം.എസ്. നിധീഷ് ബാബുവും കുടുംബവും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ച തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിധീഷ് ബാബുവിന്‍റെ ജ്യേഷ്ഠനാണ് വി.ഡി. സതീശൻ. നിധീഷിന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകനാണ് വി.ഡി. സതീശൻ. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ആദ്യമായി നിധീഷ് ബാബുവും മത്സരിക്കുന്നത്. വിദ്യാർഥിയായിരിക്കെ കെ.എസ്.യു പ്രവർത്തകനായും പിന്നീട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ നിധീഷിനെ സതീശൻ ഓർമിപ്പിച്ചത് സത്യസന്ധത കൈവിടരുതെന്നാണ്. ഇല്ലായ്മക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നാണ്. ചേട്ടന്‍റെ ഉപദേശങ്ങൾ സ്വീകരിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സി.പി.എം സ്ഥാനാർഥിയെ തോൽപിച്ച് കന്നി മത്സരത്തിൽ തന്നെ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ചേട്ടൻ എല്ലാവിധ പ്രോത്സാഹനങ്ങളും നൽകിയിരുന്നു. സതീശനും കുടുംബവും നെട്ടൂരിൽ താമസിക്കുമ്പോൾ ചെറുപ്പംമുതലേ അരൂക്കുറ്റിയിലെ മട്ടമ്മേൽവീട്ടിൽ വരാറുണ്ടായിരുന്നു.
എപ്പോഴും സന്ദർശനം നടത്തുന്ന സ്വന്തക്കാരുടെ വീടുകളിൽ ഒന്നായിരുന്നു ഇത്. കഴിഞ്ഞ ഡിസംബറിലും ഇവിടെയെത്തിയിരുന്നു. കഴിഞ്ഞദിവസം നെട്ടൂരിൽ വന്നപ്പോൾ നിധീഷിന്‍റെ അച്ഛൻ സരസകുമാറിനെ വിളിച്ച് സത്യപ്രതിജ്ഞ ചടങ്ങിൽ കുടുംബസമേതം പങ്കെടുക്കാൻ പ്രത്യേകം ക്ഷണിച്ചിരുന്നു. അച്ഛനും അമ്മ ചന്ദ്രികയും നിധീഷും ഭാര്യ സിന്ധുവും മക്കൾ അഷിതയും ഇഷാനും ഇളയ സഹോദരൻ നിർമലും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ച ഉച്ചയോടെ തിരിക്കും. മുഖ്യമന്ത്രിക്കൊപ്പം രണ്ടുദിവസം താമസിച്ചശേഷമേ നിധീഷും കുടുംബവും മടങ്ങൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.