ആലപ്പുഴ: വീട്ടമ്മയുടെ കഴുത്തിൽ കയർമുറുക്കി ശ്വാസംമുട്ടിച്ച് നാലരപ്പവൻ കവർന്നു. പഴവീട് ചെള്ളാട്ട് ലെയ്നിൽ ശിവനാരായണി വീട്ടിൽ വാടകക്ക് താമസിക്കുന്ന മനോജിന്റെ ഭാര്യ സിന്ധുവിന്റെ താലിമാലയാണ് കയർ മുറുക്കി മാരകപരിക്കേൽപിച്ച് കവർന്നത്. ബുധനാഴ്ച രാവിലെ 10.30നായിരുന്നു സംഭവം.
രണ്ടുനില വീടിന്റെ താഴത്തെ നിലയിലാണ് മാനോജും കുടുംബവും താമസിക്കുന്നത്. മുകളിലത്തെ നില വാടകക്ക് കൊടുക്കാൻ ഇട്ടിരിക്കുകയാണ്. ഇതിനാൽ വീട് അന്വേഷിച്ച് എത്തുന്നവർക്ക് ഇവർ താക്കോൽ നൽകാറുണ്ട്. മനോജ് ജോലിക്ക് പോയതിന് പിന്നാലെ വീട് അന്വേഷിച്ചെത്തിയയാളാണ് കവർച്ച നടത്തിയത്.
ഈസമയം സിന്ധുവും മൂത്ത മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താക്കോൽ നൽകിയെങ്കിലും സിന്ധുവിനോട് മുകളിലെത്തി കാണിക്കാൻ ആവശ്യപ്പെട്ടു. മുറിയും അടുക്കളയും കാണിച്ചശേഷം മടങ്ങാൻ ഒരുങ്ങവെയാണ് കയർപോലെയുള്ള സാധനം ഉപയോഗിച്ച് കഴുത്തിൽ വലിഞ്ഞുമുറുക്കിയത്. ബോധംകെട്ടുവീണ വീട്ടമ്മ മരിച്ചുവെന്ന് കരുതി മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
മകൾ അന്വേഷിച്ചെത്തിയപ്പോഴാണ് ബോധമില്ലാതെ കിടക്കുന്ന സിന്ധുവിനെ കണ്ടത്. സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി അടക്കമുള്ളവ പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.