ശങ്കരൻ വള്ളികുന്നം
വള്ളികുന്നം: അതിമനോഹരമായ വാക്കുകളും വരികളും കൊണ്ട് പാട്ടുകളെഴുതി മലയാളികളുടെ മനസ്സിൽ പാട്ടിന്റെ മാറ്റൊലിയായ വ്യക്തിയാണ് വള്ളികുന്നം കാമ്പിശ്ശേരി വല്യത്ത് തെക്കതിൽ ശങ്കരൻ വള്ളികുന്നം എന്ന എൺപത്തിമൂന്നുകാരൻ. അധികമാരും അറിയപ്പെടാത്ത ശങ്കരൻ എന്ന പേരുകാരൻ എഴുതിത്തീർത്തത് നൂറുകണക്കിന് മനോഹരമായ ഗാനങ്ങൾ.
വളരെ ചെറുപ്പത്തിലേ പാട്ടുകൾ എഴുതി തുടങ്ങിയ ശങ്കരൻ വള്ളികുന്നം ഹൈസ്കൂളിൽ ഫോർത്ത് ഫോംമിൽ ചേർന്നപ്പോഴാണ് ഒരുവിധം തെറ്റുകൾ ഇല്ലാതെ എഴുതാൻ തുടങ്ങിയത്. അന്ന് അവിടെ പഠിച്ചുകൊണ്ടിരുന്ന തങ്കപ്പൻ കോതകര എന്ന ഗായകൻ പാട്ടുകൾ ട്യൂൺ ചെയ്ത് പാടാൻ തുടങ്ങി. തുടർന്ന് ഗാനമേളകളിലും ഭക്തിഗാന ഭജനകളിലും സ്കൂൾ, ക്ലാസ് യോഗങ്ങളിലും ശങ്കരന്റെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യ-പാകിസ്ഥാൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എഴുതിയ പാട്ടുകൾ കൊച്ചുകുഞ്ഞ് പുതുക്കാട്ട് വിള അച്ചടിച്ചു പുസ്തകമാക്കി കേരളത്തിന്റെ പല ഭാഗങ്ങളിലും പാടി വിറ്റഴിച്ചത് മറക്കാൻ കഴിയില്ലെന്ന് ശങ്കരൻ വള്ളികുന്നം പറയുന്നു.
വള്ളികുന്നം ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് സംസ്ഥാന യൂത്ത് ഫെസ്റ്റിവലിന് ശങ്കരൻ എഴുതിയ“കന്നിക്കതിരുകളേ, പൊന്നിൻ വയലുകളേ....എന്നു തുടങ്ങുന്ന ഗാനം ഒന്നാംസമ്മാനം നേടി. അന്നത്തെ പ്രധാനാധ്യാപകൻ വെട്ടുകുളഞ്ഞി ഗോപി അസംബ്ലിയിൽ വിളിച്ച് ഒരു പേന സമ്മാനമായി നൽകിയത് പ്രചോദനമായി. ആ വർഷം സ്കൂളിന്റെ വാർഷിക ആഘോഷത്തിന് എഴുതി കൊടുത്ത ഏകാംഗ നാടകത്തിന് സമ്മാനം നേടി. നാട്ടിൽ ചതയാഘോഷത്തിന് ‘അയൽ ബന്ധുക്കൾ’ എന്ന ഏകാംഗ നാടകം എഴുതി അഭിനയിക്കുകയും ചെയ്തു. തുടർന്ന് നിരവധി നാടകങ്ങൾ എഴുതി അഭിനയിച്ചു.
പിന്നീട് ജീവിതത്തിന്റെ പകുതിയോളം ഭാഗം മുംബൈ നഗരത്തിൽ ആയിരുന്നു. 1966 ൽ അന്നത്തെ ബോംബെയിൽ ജീവിതം തുടങ്ങിയ നാൾ മുതൽ മലയാളി കലാസംഘടനയിൽ പ്രവർത്തിച്ചു. നാടകങ്ങൾക്കും നൃത്തങ്ങൾക്കും നിരവധി ഗാനങ്ങൾ രചിച്ചു. ഗാനങ്ങൾ ഗാനമേളയിലൂടെയും നാടകങ്ങളിലൂടെയും മലയാളികൾ കേട്ടു. മലയാളി സമാജത്തിന്റെ വാർഷികത്തിന് സി.എൽ. ജോസിന്റെ അഗ്നിവലയം എന്ന നാടകത്തിന് അഞ്ച് പാട്ടുകൾ എഴുതി. വൈക്കം വർമയാണ് ആ പാട്ടുകൾക്ക് സംഗീതം നൽകിയത്.
തുടർന്ന് ‘കുലീന’ എന്ന മാസികയിൽ ഒരു ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചതോടെ അവിടെ മലയാളികൾക്കിടയിൽ കൂടുതലായി അറിയപ്പെടാൻ തുടങ്ങി. നിരവധി പ്രസിദ്ധീകരണങ്ങളിൽ ഗാനങ്ങൾ അച്ചടിച്ചു വന്നു. വിക്രോളി ഈസ്റ്റ് മലയാളി സമാജത്തിന്റെ പല നാടകത്തിനും നൃത്തങ്ങൾക്കും ഗാനങ്ങൾ എഴുതി കൊടുത്തിരുന്നു. വിക്രോളി ഈസ്റ്റിലെ താമസക്കാരനായ കലാകാരൻ പ്രേംകുമാറിന്റെ ‘ജപ മാല’ എന്ന കാസറ്റിലും പാട്ടുകൾ ഉൾപ്പെടുത്തി. ആകാശ വാണിയിൽ എം.ജി. രാധാകൃഷ്ണൻ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത സംഗീതപാഠത്തിലും ശങ്കരന്റെ പാട്ടുകൾ ഉൾപ്പെടുത്തി.
‘ബോംബെ രാജൻ’ എന്നറിയപ്പെടുന്ന ത്യാഗരാജന്റെ ഭക്തിഗാന കാസറ്റായ ശ്രീ ചരണത്തിൽ പാട്ടുകൾ ഉൾപെടുത്തിയിരുന്നു. പിന്നണി ഗായികയായ രാധികാ തിലകും മറ്റു പ്രഗത്ഭരും ആണ് പാട്ടുകൾ പാടിയത്. കലാഭവൻ മണിയായിരുന്നു കാസറ്റ് പ്രകാശനം ചെയ്തത്. ഈ പാട്ടുകൾ ശ്രദ്ധ നേടിയതോടെ വിവിധ പ്രസിദ്ധീകരണങ്ങളിൽ ശങ്കരനെ പരിചയപ്പെടുത്തി റിപ്പോർട്ടുകൾ വന്നു.
ഇതിനിടെ ഭാര്യ ദേവകി രോഗബാധിതയായതോടെ നാട്ടിലേക്ക് തിരിച്ചു. നികുംഭില, അഗ്നി വലയം, സർഗ ക്ഷേത്രം, ദേവയാനി, അനന്തപുരാണം തുടങ്ങിയ നാടകങ്ങൾക്കും ആകാശവാണിയിലെ ചില ലളിതഗാനങ്ങളും രാധിക തിലക് പാടിയ ഭക്തിഗാനങ്ങളും എഴുതിയ ശങ്കരൻ വള്ളികുന്നം ഇന്നും എഴുത്ത് തുടരുകയാണ്. ജീവിതാന്ത്യംവരെ എഴുതിക്കൊണ്ടിരിക്കാനാണ് ഇഷ്ടമെന്നും, കഴിഞ്ഞ ദിവസം ചട്ടമ്പി ആശ്രമത്തിലേക്ക് ഏഴു പാട്ടുകൾ എഴുതി നൽകിയതായും നാട്ടിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകൾ ആദരവുമായി എത്തിയതിൽ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.