പോളയും കാടും പിടിച്ച് നീരൊഴുക്ക് തടസ്സമായ ഈരേത്തോട് (ഫയൽചിത്രം)
പോള നിറഞ്ഞു; നീരൊഴുക്കില്ലാതെ പുന്നപ്ര ഈരേത്തോട്
അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര കപ്പക്കട ജങ്ഷനിൽനിന്ന് പൂക്കൈത ആറ്റിലേക്കുപോകുന്ന ഈരേത്തോട് പോളയും പായലും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു.
ഇതിനിടെ, രണ്ട് വർഷം മുമ്പ് ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കിയെങ്കിലും വീണ്ടും പഴയ അവസ്ഥയിലായി.
തോടിന്‍റെ ഇരുവശങ്ങളിലും കുറ്റിക്കാടുകൾ പിടിച്ച് സമീപവാസികൾ ഭീതിയിലാണ് കഴിയുന്നത്. തോടിന്റെ ഇരുവശവും നിരവധി വീടുകളാണുള്ളത്. മഴ കടുക്കുന്നതോട് തോട്ടിൽനിന്നുള്ള മലിനജലം സമീപത്തെ വീടുകളിലും പുരയിടങ്ങളിലും കെട്ടിക്കിടക്കാറുണ്ട്.
മഴക്കാലമാകുന്നതോടെ ഈരേത്തൊട്ടിൽനിന്നുള്ള കൈവഴികളിലൂടെ സമീപപ്രദേശങ്ങളിലും മലിനജലം കയറാറുണ്ട്. പോളനിറഞ്ഞ തോട്ടിലും വശങ്ങളിലെ കുറ്റിക്കാടുകളിലും വിഷ ജീവികളുടെ ശല്യവും പരിസരവാസികൾക്ക് ഭീക്ഷണിയാണ്. ഒരുകാലത്ത് രാജപ്രൗഡിയോടെ ഒഴുകിയിരുന്നതാണ് ഈരേത്തോട്. കിഴക്കൻ പ്രദേശങ്ങളിൽ നിന്നും സാധനസാമഗ്രഹികളുമായി കേവ് വള്ളങ്ങൾവരെ എത്തിയിരുന്ന തോടാണിത്. അന്ന് തെളിനീര് പോലെയായിരുന്നു ഇതിലെ വെള്ളം. പ്രദേശവാസികൾ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും മറ്റ് വീട്ടാവശ്യങ്ങൾക്കും കാപ്പിത്തോടിനെയാണ് ആശ്രയിച്ചിരുന്നത്.
കൂടാതെ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് കപ്പ, പച്ചക്കറികളും മറ്റ് മലഞ്ചരക്കുകളും അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ വള്ളത്തിൽ എത്തിച്ചിരുന്നത് ഈരേത്തോട്ടിലൂടെയാണ്. ഇവിടെ എത്തിക്കുന്ന സാധനങ്ങൾ വിൽപന നടത്താൻ പ്രത്യേകചന്തയും ഉണ്ടായിരുന്നു.
പ്രധാനമായും കപ്പക്കച്ചവടം നടന്നിരുന്നതും ഇവിടെയായിരുന്നു. അങ്ങനെയാണ് ഈരേതോട് അവസാനിക്കുന്ന ഭാഗത്തിന് കപ്പക്കട എന്നുപേര് വന്നത്. കിഴക്കൻ പ്രദേശങ്ങളുമായി റോഡ് ഗതാഗതം ഇല്ലാതിരുന്ന കാലത്ത് കടൽ മത്സ്യവും മറ്റും എത്തിച്ചിരുന്നതും ഈരേത്തോട്ടിലൂടെ വള്ളങ്ങളിലായിരുന്നു.
കുട്ടയും മറ്റും നിർമിക്കുന്നതിനാവശ്യമായ ഈറലുകൾ വനപ്രദേശങ്ങളിൽ നിന്ന് കൂട്ടിക്കെട്ടി വെള്ളത്തിലൂടെ തുഴഞ്ഞ് ഇവിടെയാണ് എത്തിച്ചിരുന്നത്.
ഈറലുകൾ കൊണ്ടുവന്നിരുന്ന തോടിനെ ഈറൽത്തോടെന്നും പിന്നീട് ഈരേത്തോടായി വിളിച്ചുപോന്നെന്നുമാണ് പറയുന്നത്. എന്നാൽ കാർഷികമേഖലകളിലേക്കും റോഡ് ഗതാഗതം വന്നതോടെയാണ് ഈരേത്തോടിന്റെ ‘ജീവൻ’ നിലച്ചത്. തുടർന്നാണ് പോളയും പായലും നിറഞ്ഞ് ഇവിടം മാലിന്യത്തോടായി മാറിയത്.
പുന്നപ്രതെക്ക്-വടക്ക് പഞ്ചായത്തുകളുടെ അതിർത്തിയാണ് ഈരേത്തോട്. തോട് ആഴം കൂട്ടി സംരക്ഷിക്കുന്നതിന് ത്രിതലപഞ്ചായത്ത് ശ്രമിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദേശീയപാതയിൽ കപ്പക്കടയിൽനിന്ന് പൂക്കൈത ആറുവരെ മൂന്നു കിലോമീറ്ററോളമാണ് തോടിന്റെ നീളം.
ജി. സുധാകരന്‍ മന്ത്രിയായിരുന്നപ്പോൾ ഈരേത്തോട് സൗന്ദര്യവത്കരണത്തിനായി പ്രത്യേക പദ്ധതി കൊണ്ടുവന്നിരുന്നു. തോട്ടിലെ നീരൊഴുക്കിന്‍റെ തടസ്സങ്ങള്‍ നീക്കി എക്കോ ടൂറിസം പദ്ധതിയായിരുന്നു ലക്ഷ്യമിട്ടത്.
എന്നാല്‍ വന്ന സർക്കാർ വേണ്ട പരിഗണന നൽകാതെ വന്നതോടെ പദ്ധതി കടലാസുകളിലൊതുങ്ങി. ഇവിടം ഇനിയും വിദേശികളെ മാടിവിളിക്കുന്ന ഒരു ഗ്രാമമാക്കാൻ കഴിയും. പുതിയ സർക്കാർ അതിനുള്ള നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.