പെരുമ്പളം പാലത്തിൽ നിർമാണ സാമഗ്രികൾ ഗതാഗത തടസ്സം ഉണ്ടാക്കുംവിധം കൂടിക്കിടക്കുന്നു

ആളും ആരവവും ഒഴിയുന്നു; അനാഥമാകുമോ പെരുമ്പളം പാലം?

വടുതല: മഴവില്ലഴകിൽ നിർമിച്ച പെരുമ്പളം പാലത്തിലേക്ക് ആയിരക്കണക്കിന് കാഴ്ചക്കാർ ഒഴുകിയിരുന്നത് മഴ തുടങ്ങിയതോടെ കുറഞ്ഞു തുടങ്ങി. ആളും ആരവവും ഒഴിയുന്ന പാലത്തിന്റെ ഭാവിയെന്താകുമെന്ന ആധിയിലാണ് പെരുമ്പളം നിവാസികൾ. പുതിയതായി അധികാരമേൽക്കുന്ന സർക്കാർ പാലത്തിന്റെ കാര്യത്തിൽ എത്രത്തോളം താൽപര്യം കാണിക്കുമെന്ന ആശങ്കയുമുണ്ട്. ടാറിങ് ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്. പാലത്തിൽ വിളക്കുകൾ ഘടിപ്പിച്ചിട്ടില്ല. വിളക്കുകൾ ഘടിപ്പിച്ചാൽ തന്നെ വൈദ്യുതി ചാർജ് നൽകാനുള്ള സാമ്പത്തിക ശേഷി പഞ്ചായത്തിനില്ല.

പാലത്തിൽ നിയമപരമല്ലാതെ പ്രവർത്തിക്കുന്ന കച്ചവടക്കാരെ നിയന്ത്രിക്കാൻ നിലവിൽ സംവിധാനമില്ല. ഇവർ തള്ളുന്ന മാലിന്യം പാലത്തിൽ കുന്നുകൂടുന്ന സാഹചര്യമുണ്ട്. മാലിന്യം ശേഖരിക്കുന്ന ബക്കറ്റ് പോലും പെരുമ്പളം പഞ്ചായത്ത് സ്ഥാപിച്ചിട്ടില്ല. സാമൂഹികവിരുദ്ധരുടെ വിളയാട്ടം പലപ്പോഴും നാട്ടുകാർക്ക് ശല്യമാകുന്നുമുണ്ട്. ലഘു ഭക്ഷണങ്ങൾ വിൽക്കുന്ന വഴിവാണിഭങ്ങൾ പാലത്തിൽ പെരുകിയിട്ടും നിയന്ത്രിക്കാൻ നടപടിയില്ല. പൊലീസ് ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലത്തിലെ പല ജോലികളും ഇനിയും പൂർത്തിയാക്കാനുണ്ട്. നിർത്തിവച്ച പണികൾ എന്നു തുടങ്ങുമെന്ന് ആർക്കും തിട്ടമില്ല.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്ന പാലമാണിത്. പുതിയ സർക്കാറിന്റെ അനുകൂല നടപടികൾ പ്രതീക്ഷിക്കുകയാണ് പെരുമ്പളം പഞ്ചായത്ത്. കഴിഞ്ഞ പഞ്ചായത്ത് സമിതി ദ്വീപിലെ വിനോദസഞ്ചാര സാധ്യതകളും മറ്റ് പ്രാദേശിക സഞ്ചാര സാധ്യതകളും വികസിപ്പിക്കുന്നതിന് വ്യക്തമായ രൂപരേഖ കഴിഞ്ഞ സർക്കാറിന് സമർപ്പിച്ചിരുന്നു. ദ്വീപിലെ ചെറിയ റോഡുകളെല്ലാം വലിയ വാഹനങ്ങ ൾക്ക് കടന്നുപോകാൻ കഴിയും വിധം വീതി കൂട്ടാനുള്ള നടപടികളും സർക്കാർ തന്നെ മുൻകൈയെടുത്ത് നടപ്പാക്കേണ്ടി വരും. ദ്വീപിന്റെ സമഗ്രവികസനത്തിന് ക്രിയാത്മക നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Tags:    
News Summary - The crowds and clamor fade away; will the Perumbalam Bridge be left abandoned?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.