സിൽവർലൈൻ പദ്ധതി: ആശങ്കകളുടെ മരവിപ്പിൽ നാട്

ചെങ്ങന്നൂർ: സിൽവർ ലൈൻ മരവിപ്പിച്ചെങ്കിലും പദ്ധതി കടന്നുപോകുന്ന മുളക്കുഴയിലും വെൺമണിയിലും ആശങ്ക ഒഴിയുന്നില്ല. സർവേ നടപടിക്കായി റവന്യൂ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം തൽക്കാലം പിൻവലിക്കേണ്ടതില്ലെന്ന നിലപാട് പ്രശ്നം. കല്ലിട്ട ഭൂമി നിയമക്കുരുക്കിൽ തുടരുമെന്ന് സാരം. പദ്ധതി നടപ്പാക്കിയാൽ മുളക്കുഴ, വെൺമണി വില്ലേജുകളിലായി മൂന്നുറോളം വീടുകൾ നഷ്ടമാകുമെന്ന് സമരനേതാക്കൾ പറയുന്നു.

നിർദിഷ്ട റെയിൽവേ സ്റ്റേഷനും മുളക്കുഴയിലെ പിരളശ്ശേരിയിലാണ്. സമാനതകളില്ലാത്ത സമരപോരാട്ടമാണ് പദ്ധതിക്കെതിരെ മേഖലയിൽ നടന്നത്. സമരക്കാരെ ജയിലിൽ അടച്ചു.പലയിടത്തും പൊലീസുമായി തർക്കമുണ്ടായി. കൊഴുവല്ലൂരിൽ മൂന്നര സെന്റിൽ താമസിക്കുന്ന തങ്കമ്മയുടെ വീടിന് മുന്നിലെ അടുപ്പുകല്ല് നീക്കി സിൽവർലൈൻ കുറ്റി നാട്ടിയത് വൻ വിവാദമായി. '22 സെന്റ് സ്ഥലമാണ് ആകെയുള്ളത്.

ഇതിന് മധ്യത്തിലൂടെയാണ് നിർദിഷ്ട പാത കടന്നുപോകേണ്ടത്. വീടും സ്ഥലവും നഷ്ടമാകും. ഉറക്കംപോയിട്ട് നാളേറെയായി. കല്ലിടാനെത്തിയപ്പോൾ എന്താണിത് എന്ന് ചോദിച്ചപ്പോഴേക്കും പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വിജ്ഞാപനം റദ്ദാക്കുക തന്നെയാണ് വേണ്ടത്' പിരളശ്ശേരി താമരശ്ശേരിൽ കളീക്കൽ സ്റ്റീഫൻ വർഗീസിന്റെ വാക്കുകളാണിത്. 15 കേസുകളിലായി നൂറുകണക്കിന് നാട്ടുകാരാണ് കേസിൽ കുടുങ്ങിയിട്ടുള്ളത്.

'30 സെന്റിൽ 10 സെന്റ് സ്ഥലത്തുകൂടിയാണ് നിർദിഷ്ടപാത കടന്നുപോകുന്നത്. ബാക്കിവരുന്ന ഭാഗം ബഫർസോണിലാണ്. കുടിയിറങ്ങേണ്ടിവരും എന്നത് തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്' മുളക്കുഴ വടക്കിനേത്ത് കുഴിയിൽപൊയ്കയിൽ റെജി തോമസ് പറയുന്നു. 'പദ്ധതി നടപ്പായാൽ 20 സെന്റ് സ്ഥലവും വീടും പൂർണമായും നഷ്ടമാകും. വേറെയെങ്ങും പോകാനിടമില്ല. പിരളശ്ശേരി മണ്ണിൽ ചാക്കോ ഉമ്മൻ ആശങ്ക പങ്കുവെച്ചു.

'ഭൂമി ഏറ്റെടുക്കൽ നിർത്തിവെച്ചുമുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം സിൽവർലൈൻ വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ്. പദ്ധതി പൂർണമായി പിൻവലിക്കണം. കള്ളക്കേസുകൾ പിൻവലിച്ച് ഉത്തരവിറക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ജനകീയ സമരസമിതി ജില്ല കൺവീനർ മധു ചെങ്ങന്നൂർ പറഞ്ഞു.

Tags:    
News Summary - Silverline Project: places in Worry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.