അരൂർ മേഖലയിലെ ചെമ്മീൻ തൊഴിലാളികൾ

കൂലി വർധിപ്പിക്കുന്നില്ല; ചെമ്മീൻ പീലിങ് തൊഴിലാളികൾ പ്രതിഷേധത്തിലേക്ക്

അരൂർ: അരൂർ മേഖലയിൽ ചെമ്മീൻ പീലിങ് കൂലി വർധിപ്പിക്കുന്ന കാര്യത്തിൽ ഷെഡ് ഉടമകളും തൊഴിലാളി സംഘടനകളും താൽപര്യം കാണിക്കാത്തതിൽ തൊഴിലാളികൾ പ്രതിഷേധത്തിലാണ്. ഒരു കിലോ ചെമ്മീൻ സാംസ്കരിക്കുന്നതിന് പീലിങ് ഷെഡുകളിൽനിന്ന് ഇപ്പോൾ തൊഴിലാളിക്ക് ലഭിക്കുന്നത് 19.50 രൂപയാണ്. കൂലി വർധനവ് സംബന്ധിച്ച് തൊഴിലാളി സംഘടനകളും പീലിങ് സ്ഥാപന ഉടമ സംഘടനകളും തമ്മിലുള്ള കരാർ കാലാവധി 2024 ഡിസംബർ 31 വരെയായിരുന്നു. എന്നാൽ കരാർ കാലാവധി കഴിഞ്ഞ് ഒന്നരവർഷം പിന്നിട്ടിട്ടും കൂലി വർധിപ്പിക്കുന്ന കാര്യത്തിൽ നടപടികൾ ഉണ്ടാകാത്തതാണ് തൊഴിലാളികളെ പ്രതിഷേധത്തിലാക്കിയിരിക്കുന്നത്.

ഒന്നരമാസം മുമ്പ് തൊഴിലാളി സംഘടനകൾ ചെമ്മീൻ ഷെഡ് ഉടമകളുമായി കൂലി വർധിപ്പിക്കുന്ന കാര്യത്തിൽ ധാരണകൾ ഉണ്ടാക്കിയിരുന്നു. ഒരു കിലോ ചെമ്മീൻ കിള്ളുന്നതിന് ഒന്നര രൂപ വർധിപ്പിച്ച് 21 രൂപയാക്കാനാണ് ധാരണയായത്. എന്നാൽ കരാർ ഒപ്പുവെക്കാനോ നടപ്പാക്കാനോ തൊഴിലാളി സംഘടനകൾ താല്പര്യം കാണിച്ചില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി തുടങ്ങിയ ആറോളം സംഘടനകളാണ് പീലിങ് തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ എല്ലാ സംഘടനകളോടും കൂലി കൂട്ടുന്നതിൽ വരുത്തുന്ന കാലതാമസത്തെക്കുറിച്ച് ചെമ്മീൻ പീലിങ് തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു. ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് തൊഴിലാളികളോട് നേതാക്കൾ പറയുന്നത്. എന്നാൽ ധാരണയിൽ എത്താൻ കഴിയാത്തത് തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്ന സ്ഥാനാർഥികളോടും കൂലിവർധനവ് സംബന്ധിച്ച കാര്യത്തിൽ തൊഴിലാളികൾ പ്രതിഷേധം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പരിഹാരം കാണാമെന്ന് സ്ഥാനാർഥികൾ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ പിന്നീട് ആരെയും കണ്ടില്ലെന്ന ആരോപണവും തൊഴിലാളികൾക്കിടയിൽ ഉയർന്നിട്ടുണ്ട്.

ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലായി ആയിരക്കണക്കിന് ചെമ്മീൻ പീലിങ് ഷെഡുകളും വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. പീലിങ് മേഖലയിലും വ്യവസായശാലകളെയും ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. തീരം വറുതിയിലായി മത്സ്യബന്ധനം നിലക്കുന്നതോടെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത് സ്ത്രീകൾ പീലിങ് ഷെഡിൽ തൊഴിലെടുത്ത് കിട്ടുന്ന വരുമാനത്തെ ആശ്രയിച്ചായിരുന്നു. കൂലി സംബന്ധമായ കരാർ 2024 ഡിസംബർ 31ന് അവസാനിച്ചെങ്കിലും പുതുക്കാൻ തൊഴിലാളി സംഘടനകൾക്ക് കഴിയാത്തതും വിമർശനത്തിന് ഇടയാക്കുന്നുണ്ട്. ഒന്നരമാസം മുമ്പ് ഉണ്ടാക്കിയ ധാരണയിലും ആഗസ്റ്റ് മാസത്തിൽ കൂലി കൂട്ടാമെന്നാണ് വ്യവസ്ഥ ചെയ്തത്. അതുപോലും യൂനിയനുകൾ കൃത്യമായി ഒപ്പുവച്ച് കരാറാക്കിയില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു. യൂനിയനുകളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കയറ്റുമതിക്കാർ തയ്യാറല്ലെന്നും കൂലി വർധന പുനഃപരിശോധിക്കേണ്ടിവരുമെന്നും ഉടമകളുടെ സംഘടന സൂചിപ്പിക്കുന്നതും നേതാക്കൾ ആശങ്കപ്പെടുന്നുണ്ട്. തൊഴിലാളി സംഘടനകൾ തമ്മിൽ ചർച്ച നടത്താനും കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ ജൂലൈ ഒന്നിന് സൂചന പണിമുടക്ക് നടത്തണമെന്നും ജൂലൈ 15 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തണമെന്നുമാണ് യൂനിറ്റുകളുടെ നിലപാട്. ഷെഡുകൾ കേന്ദ്രീകരിച്ച് തൊഴിലാളികളുടെ അഭിപ്രായങ്ങൾ ശേഖരിക്കാനും തൊഴിലാളി യൂനിയനുകൾ തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - No wage hike; Shrimp peeling workers to go on protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.