ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഫൈനൽ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വള്ളങ്ങൾക്കുള്ള ബോണസ് വിതരണം അടുത്തയാഴ്ച. 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഒന്നാം സ്ഥാനം കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് ആയിരുന്നു. പരാതികളെ തുടർന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല. രണ്ടാം സ്ഥാനം പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും മൂന്നാംസ്ഥാനം പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനും നാലാം സ്ഥാനം നിരണം ബ്ലോട്ട് ക്ലബ്ബിന്റെ നിരണംചുണ്ടനുമാണ്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജില്ല കലക്ടർ അലക്സ് വർഗീസാണ് തീരുമാനം അറിയിച്ചത്. വള്ളംകളിയില് പരാതികൾ ഉയർന്ന ചുണ്ടനുകൾക്കെതിരെ ജൂറി ഓഫ് അപ്പീൽ കമ്മിറ്റിക്ക് തെളിവുകൾ കണ്ടെത്താനായില്ല. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ഫൈനൽ മത്സരത്തിന്റെ വിഡിയോ അടക്കമുളളവ പരിശോധിച്ചാണ് തീരുമാനത്തിലെത്തിയത്.
പരാതി ഉന്നയിച്ച ക്ലബുകാർക്കും തെളിവുകൾ ഹാജരാക്കാനായില്ല. ഇതോടെ അപ്പീൽ ജൂറിയുടെ ശിപാർശകൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചതോടെയാണ് ഫലപ്രഖ്യാപനം പൂർത്തിയായത്. അപ്പീൽ, ജൂറിയുടെ പരിഗണനയിൽ ഇരുന്നത് മൂലം പ്രഖ്യാപിക്കാതിരുന്ന പൂർണ ഫലങ്ങളാണ് ഇതോടെ പ്രഖ്യാപിച്ചത്. വള്ളങ്ങളിൽ ഇതര സംസ്ഥാനക്കാരായ തുഴച്ചിലുകാർ 25 ശതമാനത്തിൽ കൂടാൻ പാടില്ല എന്ന വ്യവസ്ഥ ചില ചുണ്ടനുകൾ പാലിച്ചില്ല എന്നതായിരുന്നു പ്രധാന പരാതി.
ചുണ്ടൻ വള്ളങ്ങൾക്കും ചെറുവള്ളങ്ങൾക്കും അടുത്തയാഴ്ച ബോണസ് വിതരണം ചെയ്യാനും തീരുമാനിച്ചു. അയോഗ്യത കൽപ്പിച്ച വള്ളങ്ങൾക്കും അടിസ്ഥാന ബോണസ് നൽകും. യോഗത്തിൽ മുൻ എം.എൽ.എ മാരായ കെ.കെ. ഷാജു, സി.കെ. സദാശിവൻ, എ.ഡി.എം ആശാ സി. എബ്രഹാം, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എസ്. വിനോദ്, എൻ.ടി.ബി.ആർ ജൂറി അംഗം ആർ.കെ. കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. വള്ളംകളി മികച്ച രീതിയിൽ സംഘടിപ്പിച്ചതിന് പി.ടി. ചാക്കോ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ കലക്ടറെ യോഗത്തിൽ ആദരിച്ചു.
നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ റെക്കോഡ് വരുമാനനേട്ടം. ടിക്കറ്റ്, സ്പോൺസർഷിപ്പ്, സർക്കാർ ഗ്രാന്റ് എന്നീ ഇനങ്ങളിൽ 4.85 കോടി രൂപ വരുമാനമായി ലഭിച്ചു. 71 വർഷത്തെ വള്ളംകളി ചരിത്രത്തിൽ ആദ്യമായാണ് അഞ്ചുകോടിക്ക് അടുത്ത് വരുമാനം കിട്ടുന്നത്.
പരസ്യ ഇനത്തിൽ മാത്രം 2.5 കോടിയും ടിക്കറ്റ് വിൽപനയിലൂടെ 96 ലക്ഷവും സർക്കാർ ഗ്രാന്റ് ഒന്നര കോടിയും ലഭിച്ചു. ഓണത്തോടനുബന്ധിച്ച് വള്ളംകളി നടത്തിയതാണ് ചരിത്ര നേട്ടത്തിന് വഴിയൊരുക്കിയത്.
അടുത്തവർഷം ആഗസ്റ്റ് രണ്ടാം ശനിയാഴ്ച ഒഴിവാക്കി ഓണാഘോഷത്തിന്റെ ഭാഗമാക്കി വള്ളംകളി നടത്താൻ എൻ.ടി.ബി.ആർ യോഗത്തിൽ നിർദേശമുയർന്നു. മൂന്നര കോടി രൂപയാണ് ആകെ ചെലവായത്. ബാക്കിയുള്ള ഒന്നേകാൽകോടി ഉപയോഗിച്ച് സ്ഥിരം നെഹ്റു പവലിയൻ നിർമിക്കും. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കാൻ കൺസൾട്ടൻസിയെ നിയോഗിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.