മാ​ന്നാ​റി​ലെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലൊ​ന്ന്

മാന്നാർ പൊലീസ് സ്റ്റേഷന് പുതിയ ക്വാർട്ടേഴ്സ്​ ഇനിയെങ്കിലും യാഥാർഥ്യമാകുമോ?

ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രാധാന്യമേറിയ മാന്നാർ പൊലീസ് സ്റ്റേഷനിലെ ക്വാർട്ടേഴ്സുകൾക്ക് ഇനിയെങ്കിലും ശാപമോക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ താമസക്കാരും നാട്ടുകാരും. കാലപ്പഴക്കം ചെന്ന് തകർന്നുവീഴാറായ ക്വാർട്ടേഴ്സുകൾക്ക് പകരം പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർക്കുള്ളത്. പുതിയ സർക്കാറിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി രമേശ് ചെന്നിത്തല ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് നിയമപാലകരും നാട്ടുകാരും. മന്ത്രിയുടെ ജന്മനാടും കുടുംബവുംകൂടി ഉൾപ്പെട്ട പ്രദേശത്തെ സ്റ്റേഷനാണ് മാന്നാറിലേത്.

സ്റ്റേഷന് സമീപത്തായി രണ്ട് വീടുകൾ വീതം 16 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഓടിട്ട ക്വാർട്ടേഴ്സുകളാണ് ഉണ്ടായിരുന്നത്. തീർത്തും ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ ജീർണാവസ്ഥയിലാണിവ. കെട്ടിടങ്ങളും പരിസരവും കാടുകയറിക്കിടക്കുകയുമാണ്. വഴികൾ ഏറെ ദുർഘടവും. ആകെയുള്ള 16 ക്വാർട്ടേഴ്സുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പൊലീസ് കുടുംബങ്ങളുള്ളത്. ഇവർ താമസിക്കുന്നുണ്ടെങ്കിലും ഭീതിയോടെയാണ് ഓരോ ദിനങ്ങളും ഇവിടെ കഴിയുന്നത്. അടുക്കളയും ഹാളും രണ്ട് മുറികളുമാണുള്ളത്. പഴയ രീതിയിൽ തടിയിൽ പലകതറച്ച സീലിങ്ങോട് കൂടിയ മുറികളാണ്. തടികളും പലകയും ചിതലരിച്ചും ദ്രവിച്ചും പലഭാഗങ്ങളും നശിച്ച് കിടക്കുകയാണ്.

മരപ്പട്ടി, വവ്വാൽ, എലി എന്നിവ താവളമാക്കിയിരിക്കുകയാണിതിൽ. തുടക്കത്തിൽ മാന്നാർ പടനിലം ചന്തയ്ക്കു സമീപമായിരുന്നു പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. 1972ൽ മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് വടക്കുഭാഗത്തെ 2.7 ഏക്കർ പുറമ്പോക്കിലേക്ക് സ്റ്റേഷൻ മാറ്റി പ്രവർത്തനമാരംഭിച്ചപ്പോഴാണ് ക്വാർട്ടേഴ്സുകളും നിലവിൽ വന്നത്. നാമമാത്രമായ അറ്റുകുറ്റപ്പണികളാണ് നടന്നിട്ടുള്ളത്. ക്വാർട്ടേഴ്‌സുകളുടെ ദുരവസ്ഥമൂലം എസ്.എച്ച്.ഒയും എസ്.ഐമാരും പൊലീസുകാരും വാടക വീടുകളെയാണ് ആശ്രയിക്കുന്നത്.

2014ൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ് മാന്നാർ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നത്. അതിനു മുമ്പായി സർക്കിൾ ഇൻസ്പെക്ടർ ഓഫിസ് പണികഴിപ്പിച്ചിരുന്നു.

സ്റ്റേഷൻ കെട്ടിട്ടം പൂർത്തീകരിക്കുമ്പോൾ പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ച് ഫ്ലാറ്റ് സമുച്ചയം നിർമിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നുവെങ്കിലും സർക്കാർ മാറിയതോടെ തുടർ നടപടികൾ മുടങ്ങി. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ പ്രതീക്ഷകൾക്ക് ചിറക് മുളച്ചിരിക്കുകയാണ്.

Tags:    
News Summary - Mannar Police Station New Quarters Will it become a reality at least?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.