ആലപ്പുഴ: ഒരുനെല്ലും ഒരുമീനും പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കം കുട്ടനാട്ടിലെ നെൽകൃഷിയുടെ ചരമക്കുറിപ്പെഴുതുമെന്ന് ആശങ്ക. പൊക്കാളിപ്പാടങ്ങളിൽ ഇത് നടപ്പാക്കിയതോടെ അവിടെ നെൽകൃഷി ഇല്ലാതായത് ചൂണ്ടിക്കാട്ടിയാണ് കുട്ടനാട്ടിലെ കർഷകർ ആശങ്കപ്പെടുന്നത്. ഇത് നടപ്പാക്കിയാൽ നെൽകൃഷിയെ കൈവിട്ട് മുഴുവൻ സമയ മീൻകൃഷി നടത്താൻ കുത്തകകൾ രംഗത്തെത്തുമെന്നാണ് കൃഷിയെ സ്നേഹിക്കുന്നവർ പറയുന്നത്. അരൂർ മേഖലയിലെ അനുഭവം അവർ തെളിവായി ചൂണ്ടിക്കാട്ടുന്നു.
കുട്ടനാട് സന്ദർശിച്ച കേന്ദ്രസർക്കാർ സംഘമാണ് ഒരുമീനും ഒരുനെല്ലും എന്ന ആശയം നടപ്പാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്. നാഷണല്‍ ഫിഷറീസ് വികസന ബോര്‍ഡ് ചെയര്മാന് ഡോ. മുഹമ്മദ് കോയയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ആര് ബ്ലോക്ക് തുടങ്ങിയ കായല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മത്സ്യകൃഷിക്കുള്ള സാധ്യതകള്‍ സംഘം ആരാഞ്ഞു. രാമങ്കരിയില്‍ മത്സ്യകൃഷി നടത്തുന്ന തൊള്ളായിരം പാടശേഖരവും സന്ദര്‍ശിച്ചു.
ഒരുനെല്ലും ഒരുമീനും പദ്ധതിയനുസരിച്ച് കൃഷിചെയ്യുന്ന പാടശേഖരങ്ങള്‍ നേരില്‍ക്കണ്ട് കര്‍ഷകരുമായി സംവദിച്ചു.മത്സ്യകൃഷിക്ക് അനുയോജ്യമായ സാഹചര്യമാണ് കുട്ടനാട്ടിലുള്ളതെന്നാണ് ഡോ. മുഹമ്മദ് കോയ അഭിപ്രായപ്പെട്ടത്. പൈലറ്റ് പ്രോജക്ട് കുട്ടനാട്ടില്‍ നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്നും പദ്ധതിയുടെ അനുഭവപാഠങ്ങള്‍ പഠിച്ച് സംയോജിത മത്സ്യകൃഷി നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മത്സ്യകൃഷിക്കായി ഉപ്പുവെള്ളം കയറ്റുന്നത് പരിസരത്തുള്ള വീടുകൾക്കും ഇതര കൃഷിക്കുമെല്ലാം നാശം വിതക്കും. ഫീഷറീസ് വകുപ്പാണ് അരൂർ മേഖലയിൽ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നത്. അതേ ഫിഷറീസ് വകുപ്പാണ് കുട്ടനാട്ടിലും ഒരുനെല്ലും ഒരുമീനും എന്ന ആശയവുമായി എത്തുന്നത്.
അരൂരിന്റെ പാഠം ഇങ്ങനെ
അരൂർ മേഖലയിൽ 500 ഹെക്ടറിലേറെ കരിനിലങ്ങളിൽ ഒരുനെല്ലും ഒരുമീനും കൃഷി തുടങ്ങിയ ശേഷം നെൽകൃഷി ചെയ്യാനുള്ള സാഹചര്യം അവിടെ ഇല്ലാതായി. മത്സ്യകൃഷിയാണ് ലാഭകരമെന്ന് കണ്ടതോടെ പാടങ്ങൾ പാട്ടത്തിനെടുത്ത് വൻകിടകമ്പനികൾ മുഴുവൻസമയ മത്സ്യകൃഷി ആരംഭിക്കുകയായിരുന്നുവെന്ന് കർഷകർ പറയുന്നു. സിലോപിയ, കരിമീൻ കൃഷിയാണ് വ്യാപകമായത്. കരിക്കാടി, നാരൻ, വനാമി ചെമ്മീൻ ഇനങ്ങളും കൃഷി ചെയ്യുന്നു.
ആറ് മാസം നെല്ലും ആറ് മാസം മത്സ്യവും എന്നതാണ് ഒരു നെല്ലും ഒരു മീനും കൃഷിയിലൂടെ ഉദ്ദേശിക്കുന്നത്. മാർച്ച് മുതൽ മത്സ്യകൃഷി നിർത്തി നെൽകൃഷിക്കായി പാടം ഒരുക്കണം. അതിന് മത്സ്യകർഷകർ തയാറാവില്ല. വീണ്ടും മാസങ്ങൾ കഴിയുന്നതോടെ നെൽകൃഷി തുടങ്ങേണ്ട സമയം കഴിയും. അതിനാൽ മത്സ്യകൃഷി തുടർന്ന് പോകും. വർഷംതോറും ഇത് ആവർത്തിച്ചതോടെ പാടങ്ങളിൽ മത്സ്യകൃഷി മാത്രമായി. എവിടെയെങ്കിലും കർഷകർ നെൽകൃഷിക്ക് ശ്രമിച്ചാൽ അവിടെ മട തകർത്ത് ഉപ്പുവെള്ളംകയറ്റി കൃഷി നശിപ്പിക്കുന്ന രീതി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.