കായംകുളത്തിന്റെ മുഖച്ഛായ മാറും; നഗരത്തിൽ റിങ് റോഡ്

കായംകുളം: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമേകി റിങ് റോഡ് നിർമാണവും കായൽ ടൂറിസത്തിന് ഉണർവേകുന്ന വികസന പദ്ധതികളും നടപ്പിലാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനമായി. കായംകുളം എം.എൽ.എ കൂടിയായ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ എന്നിവരുടെ സാന്നിധ്യത്തിലാണ് മണ്ഡലത്തിലെ വികസന പദ്ധതികൾക്ക് രൂപം നൽകിയത്.

കോടതി റോഡിൽ നിന്നും പടിഞ്ഞാറ് വശത്തേക്ക് പുതിയ റോഡ് നിർമിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ സമീപത്ത് കൂടി കടന്നുപോകുന്ന രീതിയിലാണ് പുതിയ റിങ് റോഡ് നിർമിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും. ഇതിന്റെ ഭാഗമായി സർവേ നടപടികൾ ആരംഭിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹൗസ് ബോട്ടുകൾക്കും യാത്ര ബോട്ടുകൾക്കും തടസമില്ലാതെ സഞ്ചരിക്കാനും പ്രദേശത്തെ കായൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും കനീസ കടവ് പാലത്തിന്റെ സ്പാനിന്റെ ഉയരം വർധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. രൂപകല്പനയിൽ വരുത്തേണ്ട മാറ്റങ്ങൾ ഉൾപ്പെടെയുള്ള ചുമതലകൾ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചു. കൂടാതെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് പിറകിലായി പുതിയ ബോട്ട് ജെട്ടി നിർമിക്കുന്നതിന് മേജർ ഇറിഗഷൻ വകുപ്പ് പഠനം നടത്തി വരുകയാണ്. ബോട്ട് ജെട്ടി നിർമാണം പൂർത്തികരിക്കുമ്പോൾ നിർധിഷ്ട ബോട്ട് ജെട്ടിയിൽ എത്തുന്ന യാത്രക്കാർക്ക് റിങ് റോഡിലൂടെ കെ. എസ്. ആർ. ടി. സി ബസ് സ്റ്റേഷനിലേക്ക് എത്തിച്ചേരാൻ സാധിക്കും.

റിങ് റോഡ്, ബോട്ട് ജെട്ടി നിർമാണങ്ങൾക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുമായി ഉടൻ സർവേ നടത്തി റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. മണ്ഡലത്തിലെ പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും നിർമാണത്തിനായി പ്രത്യേക പഠനം നടത്തി രൂപകൽപ്പന തയ്യാറാക്കും. ടി.എം ചിറ, പോച്ചയിൽ പാലങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശം നൽകുകയും ചെയ്തു.

നിയോജകമണ്ഡലത്തിലെ തകർന്നുകിടക്കുന്ന റോഡുകളുടെ നവീകരണത്തിന് അടിയന്തിരമായി ഫണ്ട്‌ അനുവദിക്കുന്നതിനൊപ്പം പി.ബി.ആർ.സി പദ്ധതിയിൽ ഉൾപ്പെട്ട കായംകുളം - മാവേലിക്കര- തിരുവല്ല റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 60 ലക്ഷം രൂപയുടെ എമർജൻസി ഫണ്ട്‌ അനുവദിക്കാനും തീരുമാനമായി.

Tags:    
News Summary - Kayamkulam Set for Transformation with Ring Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.