കരിക്കാട് കോളനിയിൽ താണുകൊണ്ടിരിക്കുന്ന ആശയുടെ വീട്.
ആശയും ഷീലയും വീട്ടുമുറ്റത്ത്
ഈ ഭൂമിയല്ലല്ലോ സാറേ ഞങ്ങളെ കാണിച്ചത്...?ആദിവാസികൾക്ക് നൽകിയത് കണ്ടൽക്കാടും ചതുപ്പും!
കരിക്കാട് കോളനിയിൽ താരതമ്യേന ഭേദമെന്നു പറയാവുന്ന വീട് ആശയുടേതാണ്. ഹോളോ ബ്രിക്സ് ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഓടിട്ട ഒറ്റമുറി വീട്. ആ വീടിന്റെ മുറ്റത്ത് ഇത്തിരി ചതുരത്തിൽ വെട്ടി തെളിച്ചെടുത്തതിനപ്പുറം ചതുപ്പു നിറഞ്ഞ കാട്. അതിനിടയിൽ കിടക്കുന്ന തന്റെ പേരിലുള്ള 25 സെന്റ് സ്ഥലത്തിന്റെ അതിർത്തി എവിടെയെന്നുപോലും ആശക്കറിയില്ല. ആ സ്ഥലം തന്റേതാണെന്നുറപ്പിക്കാൻ ആകെ കൈയിലുള്ളത് തന്റെ പേരിൽ രജിസ്റ്റർ ചെയ്തുവെന്ന് പറയപ്പെടുന്ന ആധാരത്തിന്റെ ഫോട്ടോ കോപ്പി മാത്രം. വീടിന്റെ പിൻഭാഗമാകട്ടെ, ചതുപ്പിലേക്ക് താണുകൊണ്ടിരിക്കുന്നു. അധികം വൈകാതെ വീടൊന്നാകെ കൂപ്പുകുത്തിയേക്കാം. ‘ആശിക്കും ഭൂമി ആദിവാസികൾക്ക് സ്വന്തം’ പദ്ധതി പ്രകാരം ഒത്തിരി ആശിച്ച് കിട്ടിയ ഭൂമിയിലെ അവസ്ഥയാണിത്. 2014ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് ഈ പദ്ധതി തുടങ്ങിയത്. ആദിവാസി സമൂഹത്തിൽ നിന്നുതന്നെയുള്ള പി.കെ. ജയലക്ഷ്മിയായിരുന്നു അന്ന് പട്ടികജാതി - പട്ടിക വർഗ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
കേരളത്തിലെ ഭവനരഹിതരും ഭൂമിയില്ലാത്തവരുമായ ആദിവാസി കുടുംബങ്ങൾക്കായി സർക്കാർ ‘ആശിക്കും ഭൂമി ആദിവാസികൾക്ക്’ ആവിഷ്കരിച്ചു. പദ്ധതി പ്രകാരം പരമ്പരാഗതമായി വനമേഖലകളിലോ താൽക്കാലിക കുടിലുകളിലോ താമസിക്കുന്ന ഭൂമിയില്ലാത്ത ആദിവാസി കുടുംബങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ജീവിക്കാൻ അനുയോജ്യമെന്ന് കണ്ടെത്തുന്ന ഭൂമി തെരഞ്ഞെടുക്കാം. അങ്ങനെ കണ്ടെത്തുന്ന ഭൂമി സ്വകാര്യ വ്യക്തികളുടേതാണെങ്കിൽ പോലും വിലയ്ക്കുവാങ്ങി നൽകുന്നതിനായി ഒരു കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ വരെ അനുവദിക്കും.
ആദിവാസി ജനവിഭാഗങ്ങളുടെ പുനരധിവാസം ഉറപ്പാക്കി അവരുടെ ജീവിതനിലവാരം ഉയർത്തുകയും അവർക്ക് കൃഷി ചെയ്യാനും താമസിക്കാനും സ്വന്തമായി ഒരിടം കണ്ടെത്തുകയുമാണ് പദ്ധതി ലക്ഷ്യമിട്ടത്. പദ്ധതി പ്രകാരം ചിലയിടങ്ങളിൽ ആദിവാസി കുടുംബങ്ങളെ നല്ലരീതിയിൽ പുനരധിവസിപ്പിച്ചെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പൂർണ ലക്ഷ്യത്തിലെത്തിയില്ല.
വയനാട്ടിലും കാസർകോടും പത്തനംതിട്ടയിലും കണ്ണൂരുമൊക്കെ പദ്ധതിയെ കുറിച്ച് നിരവധി ആക്ഷേപങ്ങൾ ഉയർന്നു. പദ്ധതിപ്രകാരം വാങ്ങിയ ഭൂമി പലയിടത്തും വിതരണം ചെയ്തില്ലെന്നും കൊടുത്ത ഭൂമി വാസയോഗ്യമല്ലെന്നും പരാതി ഉന്നയിച്ച് ആദിവാസികൾ തന്നെ പ്രത്യക്ഷ സമരങ്ങളുമായി രംഗത്തുവന്നിരുന്നു.
വയനാട് ജില്ലയിൽ അനർഹരായ പലർക്കും വീടുകിട്ടിയതായും കണ്ടെത്തി. പദ്ധതി പരാജയമായി എന്ന് 2019 ഫെബ്രുവരി നാലിന് നിയമസഭയിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ തന്നെ വ്യക്തമാക്കുകയും ചെയ്തു. പദ്ധതി സംബന്ധമായി പല ജില്ലകളിലും വിജിലൻസ് അന്വേഷണവും നടക്കുന്നതായി മന്ത്രി സഭയെ അറിയിച്ചു.
ഉദ്യോഗസ്ഥരും ഭൂമാഫിയയും രാഷ്ട്രീയക്കാരും ചേർന്നാണ് പദ്ധതി അട്ടിമറിച്ചതെന്ന് ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂർ ‘മാധ്യമ’ത്തോട് തുറന്നുപറഞ്ഞു. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് തണ്ണീർമുക്കം പഞ്ചായത്തിലെ കരിക്കാട് കോളനി. അത്യന്തം പരിസ്ഥിതി ദുർബലമായ, ചതുപ്പുനിലത്തിലെ കണ്ടൽക്കാട് എങ്ങനെയാണ് മനുഷ്യവാസത്തിനുള്ള ഭൂമിയായി കണ്ടെത്തിയത് എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. തങ്ങൾക്ക് കാണിച്ചുതന്ന ഭൂമിയല്ല പദ്ധതിപ്രകാരം ലഭിച്ചതെന്ന് കോളനി നിവാസികൾ പറയുന്നു.
‘കോളനിയിലേക്ക് പ്രവേശിക്കുന്നിടത്ത് നിരപ്പായ പുരയിടമുണ്ടായിരുന്നു. അതാണ് ഞങ്ങൾക്ക് കാണിച്ചു തന്നത്. അങ്ങനെയാണ് ഞങ്ങൾ സമ്മതിച്ചത്. പക്ഷേ, എഴുതി തയാറാക്കി വന്നപ്പോൾ പുരയിടത്തിനു പിന്നിലെ കണ്ടൽക്കാടും കുഴിയും ചതുപ്പുമൊക്കെയാണ് പേരിൽ കിട്ടിയത്. അതിന്റെ അതിർത്തി ഈ വെള്ളക്കെട്ടിനകത്ത് എവിടെയാണെന്ന് കണ്ടുപിടിക്കാൻ പോലും കഴിയില്ല’ - ഐക്യവേദി ജില്ല പ്രസിഡന്റ് കൂടിയായ കോളനി നിവാസി ഷീല പറഞ്ഞു.
2014ൽ ‘ആശിക്കും ഭൂമി ആദിവാസികൾക്ക് സ്വന്തം’ പദ്ധതി പ്രകാരം ഉള്ളാട സമുദായത്തിൽപെട്ട 10 ആദിവാസി കുടുംബങ്ങൾക്ക് കരിക്കാട് ഭൂമി വാങ്ങി നൽകിയത് അന്ന് ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ (ടി.ഇ.ഒ) ആയിരുന്ന ആർ. അനൂപാണെന്ന് ഷീലയടക്കമുള്ളവർ പറയുന്നു.
പുത്തനമ്പലം സബ് രജിസ്ട്രാർ ഓഫിസിൽ റീ സർവേ 169/12 ൽ പെട്ട ഭൂമിയാണിത്. നല്ല കരഭൂമി കാണിച്ച ശേഷം ചതുപ്പ് വാങ്ങിത്തന്നത് ചോദ്യം ചെയ്തപ്പോൾ ചതുപ്പ് നികത്തി വീട് നിർമിച്ചു നൽകാമെന്ന് ടി.ഇ.ഒ ഉറപ്പുനൽകിയതായി കോളനി വാസികൾ പറയുന്നു. ഇതിനു പിന്നിൽ ടി.ഇ.ഒയും രാഷ്ട്രീയക്കാരും ഭൂമാഫിയയും ചേർന്ന കൂട്ടുകെട്ടാണെന്നും അവർ ആരോപിക്കുന്നു.
ഒരു കൈയ്പവള്ളി പോലും നട്ടു കിളിർപ്പിക്കാൻ പറ്റാത്ത ഭൂമി വാങ്ങി കൊടുത്ത് ഈ പാവം മനുഷ്യരെ കബളിപ്പിക്കുകയായിരുന്നുവെന്ന് വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് ആദിവാസി ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പൂച്ചാക്കൽ സ്വദേശിയായ ബിജു പറഞ്ഞു. ബിജു പറഞ്ഞത് നൂറു ശതമാനം സത്യമാണ്.
ഒരു പച്ചമുളകുപോലും നട്ടുപിടിപ്പിക്കാൻ ഈ കണ്ടൽക്കാട്ടിൽ കഴിയില്ല. ഓരോ ചവിട്ടടിയിലും വെള്ളം കിനിയുന്ന ഈ ഭൂമിയിൽ കൃഷിയെക്കുറിച്ച് സങ്കൽപിക്കാൻ പോലും കഴിയില്ല. ഒട്ടും വാസയോഗ്യമല്ലാത്ത ഈ ഭൂമി ആദിവാസികൾക്കു മേൽ കെട്ടിവെച്ച തട്ടിപ്പിനെ കുറിച്ച് നാളെ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.